മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു

Share

ന്യൂഡൽഹി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകനായ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍. സുപ്രീം കോടതി മുൻ ജ‍‍ഡ്ജി റോഹിങ്ടണ്‍ നരിമാൻ മകനാണ്.
ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1971 മുതല്‍ സുപ്രീം കോടതിയിലെ അഭിഭാഷകനായും, 1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിശിഷ്ടമായ ഭരണഘടനാ അഭിഭാഷകരില്‍ ഒരാളായ അദ്ദേഹം നിരവധി പ്രമുഖ കേസുകള്‍ വാദിച്ചിട്ടുണ്ട്. പ്രസിദ്ധമായ എന്‍ ജെ എസി വിധി ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്റെ സുപ്രധാന കേസുകള്‍. 70 വര്‍ഷത്തിലേറെയായി അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചിരുന്നു. 1972 മെയ് മുതല്‍ 1975 ജൂണ്‍ വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിന്നീട് അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജി വെക്കുകയായിരുന്നു.