ഹജ്ജ് സീസണിന്റെ ഭാഗമായി താല്‍ക്കാലിക ജോലികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Share

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണിലേക്ക് താല്‍ക്കാലിക ജോലികളിലേക്ക് ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍, ക്ലാര്‍ക്കുമാര്‍, ഡ്രൈവര്‍മാര്‍, മെസഞ്ചര്‍മാര്‍ എന്നിവരുടെ താല്‍ക്കാലിക ജോലികളിലേക്കാണ് നിയമനം. 18 വയസ്സ് പൂര്‍ത്തിയായ പ്രവാസി ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സൗദി അറേബ്യയില്‍ ജോലി അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷാ സമര്‍പ്പിക്കണമെന്ന് കോണ്‍സുലേറ്റ് അഭ്യര്‍ത്ഥിച്ചു. മക്കയിലും മദീനയിലും താമസിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് മുന്‍ഗണന.
ഹജ്ജ് വിഭാഗം, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ജിദ്ദ-21421 എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എഴുത്ത് പരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് ക്ലാര്‍ക്ക് തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ഉയര്‍ന്ന പ്രവര്‍ത്തന പരിജ്ഞാനവും ഈ ഭാഷകളില്‍ നല്ല ടൈപ്പിങ് വേഗതയും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള അറിവും വേണം. ഇപ്പോഴത്തെ പുതിയ ഒഴിവുകള്‍ ഹജ്ജ് സീസണിലേക്ക് മാത്രമായുള്ള താല്‍ക്കാലിക ജോലിയാണ്.