പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ വീണ്ടും നീട്ടാം

Share

അബുദാബി: പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുവദിച്ച 14 ദിവസത്തെ പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ ആവശ്യമെങ്കില്‍ വീണ്ടും നീട്ടാം. എമിറേറ്റ്സ് എയര്‍ലൈന്‍സ് വഴി ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കാണ് ഈ അവസരം. ഈ മാസം ഒന്നു മുതലാണ് യുഎസ്, യുകെ, അല്ലെങ്കില്‍ ഇയു റെസിഡന്‍സി വിസയുള്ള ഇന്ത്യക്കാര്‍ക്ക് ദുബായില്‍ മുന്‍കൂര്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചത്.
നിലവിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള എല്ലാവര്‍ക്കും യുഎഇ അനുവദിക്കുന്ന ഓണ്‍ അറൈവല്‍ വിസ പുതുക്കാന്‍ അവസരം നല്‍കുന്നതു പോലെ പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസയും പുതുക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാരും സാധുവായ ആറ് മാസത്തെ യുഎസ്, യുകെ, അല്ലെങ്കില്‍ ഇയു റെസിഡന്‍സി വിസയുള്ളവര്‍ക്കുമാണ് പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത്. 14 ദിവ സത്തെ സിംഗിള്‍ എന്‍ട്രി ഓണ്‍ അറൈവല്‍ വിസ ദുബായ് വിസ പ്രോസസിങ് സെന്റര്‍ (DVPC) – വിഎഫ്എസ് ഗ്ലോബല്‍ 250 ദിര്‍ഹം ഫീസ് ഈടാക്കിയാണ് അനുവദിക്കുക. വിസ 14 ദിവസത്തേക്ക് കൂടി നീട്ടാനും ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ഓഫീസില്‍ 250 ദിര്‍ഹം ഫീസായി അടയ്ക്കണം.