യുഎഇയില്‍ ആരോഗ്യവിദഗ്ധർക്ക് മൂന്നുമാസം താത്കാലിക പെർമിറ്റ് ലഭിക്കും

Share

അബുദാബി: യുഎഇയില്‍ സന്ദര്‍ശന വിസയിലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസം വരെ ജോലി ചെയ്യാം. വിസിറ്റ് വിസയിലാണെങ്കിലും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പ്രാക്ടീസ് ചെയ്യാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ്-2024ല്‍ ആണ് പ്രഖ്യാപനമുണ്ടായത്. മൂന്നുമാസം ജോലി ചെയ്യുന്നതിന് വിസിറ്റ് വിസക്കാര്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. പെര്‍മിറ്റിനുള്ള നടപടിക്രമങ്ങള്‍ ലളിതമാണെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനമായ ‘ഷെര്‍യാന്‍’ വഴി ഒരു ദിവസം കൊണ്ട് തന്നെ പെര്‍മിറ്റ് നേടാവുന്നതാണ്. യുഎഇയില്‍ താമസിക്കുന്ന പ്രൊഫഷണലുകള്‍ക്ക് സേവനത്തിനായി നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. ലൈസന്‍സുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഡയറക്ടറുടെ പോര്‍ട്ടല്‍ അക്കൗണ്ട് വഴിയാണ് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോഴും കൈകാര്യം ചെയ്യാന്‍ പ്രാദേശിക ആരോഗ്യ സംരക്ഷണ മേഖലയെ സജ്ജമാക്കാന്‍ ഇത് സഹായകമാകുമെന്ന് ഡിഎച്ച്എ വ്യക്തമാക്കി. രാജ്യം സന്ദര്‍ശിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താനും ഇത് ഉപകരിക്കും. ദുബായ് എമിറേറ്റില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പ്രത്യേക മേഖലകളില്‍ മെഡിക്കല്‍ വൈദഗ്ധ്യം നേടുന്നതിനും താല്‍ക്കാലിക പെര്‍മിറ്റ് സഹായകമാണെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ മെഡിക്കല്‍ രംഗത്ത് ജോലി തേടുന്നവര്‍ക്കും മെഡിക്കല്‍ പ്രൊഫഷനലുകളെ തേടുന്ന ആശുപത്രികള്‍ക്കും പുതിയ തീരുമാനം വലിയ അനുഗ്രഹമാവുവെന്നാണ് കരുതപ്പെടുന്നത്. താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിക്കാനും ജീവനക്കാരനും തൊഴിലുടമയ്ക്കും തൃപ്തികരമായി തോന്നുന്ന പക്ഷം പുതിയ തൊഴില്‍ വിസ സ്വീകരിക്കാനും ഇതിലൂടെ അവസരം ലഭിക്കും.