രേഖകള്‍ ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ കണ്ടെത്താൻ ഓട്ടോമേറ്റഡ് ക്യാമറകള്‍ സ്ഥാപിക്കും

Share

റിയാദ്: പെര്‍മിറ്റ് കാലാവധി തീര്‍ന്നതും, മറ്റ് രേഖകള്‍ ഇല്ലാത്തതുമായ ബസ്സുകളെയും, ട്രക്കുകളെയും കണ്ടെത്തുന്നതിന് സൗദി അറേബ്യയില്‍ ഓട്ടോമേറ്റഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു. രാജ്യത്ത് സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. രേഖകളും പെര്‍മിറ്റുകളുമില്ലാതെ നിരത്തിലിറങ്ങുന്ന ട്രക്കും ബസ്സും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ കൃത്യമായി കണ്ടെത്തുന്ന സംവിധാനമാണിത്. ഏപ്രില്‍ 21 മുതല്‍ മുഴുവന്‍ നിയമലംഘനങ്ങളും ക്യാമറകളില്‍ പതിയുന്നതായിരിക്കും.
രാജ്യത്തെ കാര്‍ഗോ ട്രക്കുകള്‍, വാടകയ്ക്കോടുന്ന ട്രക്കുകള്‍, രാജ്യാന്തര സര്‍വീസ് നടത്തുന്ന ബസ്സുകള്‍, വാടകയ്ക്കോടുന്ന ബസുകള്‍ തുടങ്ങിയവയെല്ലാം ഇനി നിരീക്ഷിക്കപെടും. 2022 ല്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം രാജ്യത്തെ മുഴുവന്‍ ടാക്സികളും നിരീക്ഷിക്കാന്‍ സംവിധാനമുണ്ടെങ്കിലും, ട്രക്കുകളും ബസ്സുകളും അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക നിയന്ത്രണങ്ങളും, മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓട്ടോ-ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പുറമെ, കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനും ഉപകരിക്കുന്നതാണ്. ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓട്ടോ-ഡിറ്റക്ഷന്‍ സിസ്റ്റം കൊണ്ടുവരുന്നത്.