അബുദാബി മൗണ്ടൻ ബൈക്ക് റൈഡിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Share

അബുദാബി: ബൈക്ക് റൈഡർമാരെ ആകർഷിക്കുന്ന ഹീറോ അബുദാബി മൗണ്ടൻ ബൈക്ക് റൈഡ് 2024 ഫെബ്രുവരി 9 മുതൽ 11 വരെ അൽ ഹുദൈരിയത്ത് ദ്വീപിൽ വെച്ച് നടക്കും. രാജ്യാന്തര ബൈക്ക് സിറ്റി എന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉയർത്തുന്നതാവും പരിപാടി. പ്രഫഷനൽ, അമച്വർ താരങ്ങൾ അണിനിരക്കുന്ന മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. മൂന്നു തവണ റോഡ് സൈക്ലിങ് ചാംപ്യനായ പീറ്റർ സാജൻ ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. 5.4 കിലോമീറ്റർ, 1.2 കി.മീ ദൈർഘ്യത്തിലുള്ള മത്സരം പ്രഫഷനൽ റൈഡർമാർക്കുള്ളതാണ്. എന്നാൽ എല്ലാ പ്രായത്തിലുമുള്ള മൗണ്ടൻ ബൈക്കിംഗ് പ്രേമികൾക്ക് അമച്വർ റേസിലും കിഡ്‌സ് റേസിലും പങ്കെടുക്കാം. രാജ്യാന്തര മാനദണ്ഡം അനുസരിച്ച് എല്ലാ തലങ്ങളിലുമുള്ള അത്‌ലീറ്റുകൾക്കും അനുയോജ്യമായ ലോകോത്തര സൈക്ലിങ് സൗകര്യങ്ങളാണ് ഹുദൈരിയാത്തിൽ ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ ഏക മൗണ്ടൻ ബൈക്ക് പാതയായ ട്രയൽ എക്സിന് 15 കി.മീ നീളമുണ്ട്. ഉയർന്ന നിലവാരമുള്ള രാജ്യാന്തര സൈക്ലിങ് പരിപാടികളുടെ കേന്ദ്രമാകാൻ അനുയോജ്യമാണ്. എല്ലാവർക്കും സൈക്ലിംഗ് സംരംഭം ആഗോളവൽക്കരിക്കുന്നതോടൊപ്പം ഉന്നത-അമേച്വർ സൈക്ലിസ്റ്റുകൾക്കായി ഉയർന്ന തലത്തിലുള്ള മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 2028 ലെ യുസിഐ ഗ്രാൻ ഫോണ്ടോ വേൾഡ് ചാമ്പ്യൻഷിപ്പ് ഇവൻ്റിനും ഹുദൈരിയത്ത് ദ്വീപ് ആതിഥേയത്വം വഹിക്കുമെന്ന് അബുദാബി സ്‌പോർട്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി അരീഫ് ഹമദ് അൽ അവാനി പറഞ്ഞു.