ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്

Share

ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസില്‍ പ്രതികളെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം. 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളായ ദമ്പതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കഴിഞ്ഞ ദിവസമാണ് കടന്നു കളഞ്ഞത്. പ്രതികളെ തേടി അന്വേഷണസംഘം വീട്ടിലെത്തിയപ്പോള്‍ നേരത്തെ വിവരം അറിഞ്ഞ പ്രതികൾ കടന്നു കളയുകയായിരുന്നു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെ.ഡി.പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരാണ് പ്രതികൾ. 1,63,000 ഉപഭോക്താക്കളില്‍ നിന്നാണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തുവന്നതോടെ ഹൈറിച്ച് ഉടമകളുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു. ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ച് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് നികുതിവെട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിന്‍ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്.
അതേസമയം സ്ഥാപനത്തിന്റെ എം.ഡിയായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി കെ.ഡി. പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന ജി.എസ്.ടിയുടെ കാസര്‍കോട് ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കേസില്‍ പ്രതാപന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. കൂടാതെ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ കലൂരിലെ PMLA കോടതിയെ സമീപിച്ചിരിക്കുകയാണ്.