ഇലന്തൂർ നരബലി കേസിലെ പ്രതിയായ ലൈലയുടെ ജാമ്യഹർജി കോടതി തള്ളി

Share

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മൂന്നാം പ്രതിയായ ലൈല ഭഗവൽസിങ്ങിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. നരബലി കേസിൽ ഗൂഢാലോചനയിലും കൃത്യനിർവഹണത്തിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസ് ജാമ്യഹർജി തള്ളിയത്. നരബലിയ്ക്ക് ഇരയായ റോസ്‌ലി മരിക്കുന്നതിനുമുൻപ് നഗ്നചിത്രം ഫോണിൽ പകർത്തിയതും, തുടർന്ന് ഇരയുടെ ശരീരഭാഗങ്ങൾ പാകം ചെയ്തത് ലൈലയാണെന്നതിന്റെ തെളിവുകളും, പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന മൊബൈൽ ചാറ്റുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരതയാണ് നടന്നതെന്ന് കോടതി പറഞ്ഞു.
അതേസമയം പ്രതിയ്ക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്നാണ് സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടത്. കൂടാതെ കേസ് ഡയറിയടക്കം കോടതി പരിശോധിച്ചതിനാൽ പ്രതിയെ ജാമ്യത്തിൽ വിടുന്നത് സമൂഹത്തിന്റെ സമാധാനത്തെ ബാധിക്കുമെന്നും, ഭീതിപരത്തുമെന്നും കോടതി കൂട്ടിച്ചേർത്തു. 2022 ലാണ് നരബലി ലക്ഷ്യമിട്ട് കാലടി സ്വദേശിയായ റോസ്‌ലിയെ തട്ടിക്കൊണ്ടുപോയി പത്തനംതിട്ട ഇലന്തൂരുള്ള ഭഗവൽസിങ്ങിന്റെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ലൈലയുടെ ഭർത്താവ് ഭഗവൽസിങ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.