പാരസൈറ്റ് താരം ലീ സുന്‍ ക്യുന്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

Share

പ്രശസ്ത നടനായ ലീ സണ്‍ ക്യൂനിനെ കാറിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയ താരത്തെ സെന്‍ട്രല്‍ സോള്‍ പാര്‍ക്കില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓസ്‌കര്‍ ചിത്രമായ പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടനാണ് ലീ സണ്‍ ക്യൂന്‍.
സിനിമയിൽ ധനികനായ ഒരു പിതാവിന്റെ വേഷമാണ് ലീ സണ്‍ ക്യൂനിന് ഏറെ പ്രശസ്തി നേടി കൊടുത്തത്. 2021-ല്‍, പാരസൈറ്റിലൂടെ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ഡോ. ബ്രെയിനിലെ പ്രകടനത്തിന് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡില്‍ മികച്ച നടനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗ ആരോപണത്തില്‍ അന്വേഷണത്തിന് ഹാജരായതിനെ തുടര്‍ന്ന് ലീ സണ്‍-ക്യുണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംഭവം നടന്നതിനു ശേഷം അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.