പാര്‍ലമെന്റിലെ അതിക്രമം; കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതികള്‍

Share

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ സ്വയം തീക്കൊളുത്താനും ലഘുലേഖകള്‍ വിതരണം ചെയ്യാനും പദ്ധതിയിട്ടിരുന്നതായി പൊലീസ്. സ്‌മോക്ക് സ്‌പ്രേകളുമായി പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പായിരുന്നു ഇതിന് തീരുമാനിച്ചതെന്നും, എന്നാല്‍ ദേഹത്ത് പുരട്ടാനുള്ള ക്രീം കിട്ടാത്തതിനാല്‍ തീക്കൊളുത്താനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അക്രമികളില്‍ രണ്ടുപേര്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് നീക്കമുണ്ട്. സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി. അമോല്‍ ഷിന്‍ഡെ, നീലം ദേവി, ലളിത് മോഹന്‍ ഝാ എന്നിവരാണ് പാര്‍ലമെന്റില്‍ അതിക്രമം നടത്തിയത്. ഏഴ് സ്‌മോക്ക് സ്‌പ്രേകളുമായി പാര്‍ലമെന്റില്‍ എത്തുകയും, സന്ദര്‍ശക ഗാലറിയിലിരുന്ന സാഗര്‍ ശര്‍മയും മനോരഞ്ജനും ലോക്‌സഭയുടെ ചേംബറിലേക്ക് ചാടി മഞ്ഞനിറത്തിലുള ദ്രാവകം സ്‌പ്രേ ചെയ്യുകയായിരുന്നു. പ്രതികളുടെ ശരീരത്തില്‍ ഫയര്‍?പ്രൂഫ് ജെല്‍ കൊണ്ട് പൊതിഞ്ഞ് സംരക്ഷണം തീര്‍ത്ത് തീക്കൊളുത്താനായിരുന്നു ശ്രമം എന്നാണ് പ്രതികളെ ചോദ്യം ചെയ്തതപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. കേസിന്റെ തെളിവെടുപ്പിനായി അന്നുനടന്ന കാര്യങ്ങള്‍ പുനഃസൃഷ്ടിക്കാന്‍ പൊലീസ് പാര്‍ലമെന്റിന്റെ അനുമതി തേടുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അക്രമികള്‍ ഗൂഗിളില്‍ പാര്‍ലമെന്റിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി പാര്‍ലമെന്റ് സുരക്ഷയുടെ പഴയ വിഡിയോകള്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും വിശദമായി മനസിലാക്കിയിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. പിടിക്കപ്പെടാതിരിക്കാന്‍ സിഗ്‌നല്‍ ആപ് വഴിയാണ് അവര്‍ സംസാരിച്ചിരുന്നത്. മാധ്യമങ്ങളിലൂടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു പരിപാടിക്ക് അക്രമികള്‍ ഇറങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.