കേന്ദ്രസര്‍ക്കാര്‍ നടപടിയെ ശരിവെച്ച് സുപ്രീം കോടതി; ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ മാത്രം

Share

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസം നീണ്ട വാദം കേട്ടശേഷമാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനബെഞ്ചാണ് വിധി പറഞ്ഞത്. മൂന്ന് വിധികളാണ് ബെഞ്ചിന്റെ ഭാഗത്തു നിന്നുണ്ടായത്. രണ്ട് ജഡ്ജിമാര്‍ പ്രത്യേക വിധികളെഴുതി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ശരിവെച്ചു. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് ജമ്മുകശ്മീര്‍ എന്നും, ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘനടക്ക് വിധേയമായതിനാല്‍ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മു കശ്മീരിന് പ്രത്യേക ആഭ്യന്തര പരമാധികാരം ഇല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് സൃഷ്ടിച്ച താല്‍ക്കാലിക സംവിധാനം മാത്രമാണ് ആര്‍ട്ടിക്കിള്‍ 370 ആയതിനാല്‍ ഈ ആര്‍ട്ടിക്കിള്‍ നലനില്‍ക്കില്ല എന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനം നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് സുപ്രധാന വിധി വന്നിരിക്കുകന്നത്. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന സങ്കീര്‍ണമായ നിയമപോരാട്ടങ്ങള്‍ക്ക് സമാപ്തിയായിരിക്കുകയാണ്.