നിലപാടില്‍ ഉറച്ചുനിന്ന നേതാവിന് വിട

Share

എക്കാലവും നിലപാടില്‍ ഉറച്ചുനിന്ന, വിമര്‍ശനങ്ങളില്‍ അനുനയമില്ലാതെ സധൈര്യം സിപിഐയെ നയിച്ച നേതാവും, സി പി ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാനം രാജേന്ദ്രന്‍ മാറി നിന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. മുഖംനോക്കാതെ വിമര്‍ശനങ്ങളുന്നയിക്കാനും, തെറ്റ് തിരുത്താനും എക്കാലവും കാനം രാജേന്ദ്രന് കഴിഞ്ഞിരുന്നു. പലപ്പോഴും സിപിഎമ്മിനെയും സിപിഐ നേതാക്കളെത്തന്നെയും വിമര്‍ശിക്കാനും കാനം മടിച്ചില്ല.
തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് കാനം രാജേന്ദ്രന്‍ എ ഐ വൈ എഫ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്. ഇരുപത്തിയെട്ടാം വയസ്സില്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായി. കൂടാതെ എ ഐ ടി യുസി സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. കിടങ്ങൂര്‍ സ്വദേശിയായ പി.കെ.വാസുദേവന്‍ നായര്‍ക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംക്കാരന്‍ കൂടിയാണ് കാനം രാജേന്ദ്രന്‍.

1982 ല്‍ സ്വന്തം തട്ടകമായ പഴയ വാഴൂര്‍ മണ്ഡലത്തില്‍ നെല്‍ക്കതിര്‍ അരിവാള്‍ ചിഹ്നത്തില്‍ മത്സരിച്ച് എതിരാളി എന്‍.കെ. ജോസഫിനെ തോല്‍പ്പിച്ച കാനം പാര്‍ട്ടിയിലെ പൊന്‍കതിരായി.1982-87 കാലത്ത് കോടിയേരി ബാലകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കളും ഭരണ, പ്രതിപക്ഷ ബെഞ്ചുകളിലെ യുവസാന്നിധ്യമായിരുന്നു. എന്നാല്‍ അക്കാലയളവിലെ മികച്ച എംഎല്‍എ ആരെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കരുണാകരന്‍പോലും സമ്മതിച്ച പേരായിരുന്നു കാനം. നിര്‍മാണത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബില്‍ അവതരിപ്പിച്ചതോടെ കാനം രാജേന്ദ്രന്‍ സഭയില്‍ കൊടുങ്കാറ്റായി. 2015 ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി കാനം സെക്രട്ടറി ആകുന്നത്. പിന്നീട് 2018 ല്‍ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്. പക്ഷേ, കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിര്‍ദേശിച്ചതോടെ തര്‍ക്കത്തിനൊടുവില്‍ സെക്രട്ടറിയായി അധികാരമേറ്റത് പന്ന്യന്‍ രവീന്ദ്രനായിരുന്നു. അതേ പന്ന്യന്‍ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിന്‍ഗാമിയായി നിര്‍ദേശിക്കുകയും ചെയ്തത്.