വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്സ്; നേട്ടം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ടീമില്‍ ഇടം നേടിയതിന് പിന്നാലെ

Share

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നേടിയതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസണ്‍. മുന്നേറ്റനിര പരാജയപ്പെട്ട ഘട്ടത്തില്‍, അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ക്യാപ്റ്റന്റെ ഇന്നിങ്സ് പുറത്തെടുത്തു. 136 പന്തില്‍ 121 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ സഞ്ജുവിന്റെ ഇന്നിങ്സിന് കേരളത്തെ രക്ഷിക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റെയില്‍വേസിനോട് 18 റണ്‍സിന് കേരളം പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിന്റെ രണ്ടാം തോല്‍വിയാണിത്. അഞ്ച് വിജയങ്ങളുമായി കേരളം നേരത്തെതന്നെ നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു.

ബെംഗളൂരുവിലെ കിനി സ്‌പോര്‍ട്‌സ് അരീന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് റെയില്‍വേസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. റെയില്‍വേസിനായി സഹാബ് യുവരാജ് സിങ് 121 റണ്‍സും പ്രാതം സിങ് 61 റണ്‍സും നേടി. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ രണ്ടും ബേസില്‍ തമ്പി, അഖിന്‍ സത്താര്‍, അഖില്‍ സ്ഖറിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ബാറ്റര്‍മാര്‍ പതറുന്ന കാഴ്ചയാണ് ആദ്യഘട്ടത്തില്‍ കണ്ടത്. സഞ്ജുവിന്റെ പ്രകടനത്തിനൊപ്പം ശ്രേയസ് ഗോപാലിന്റെ അര്‍ധ സെഞ്ചുറിയാണ് കേരളത്തിന് ആശ്വാസമായത്.