മിഗ്ജൗമ് ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം; ഡാമുകള്‍ നിറയുന്നു

Share

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ തമിഴ്നാട്ടില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കനത്ത മഴയില്‍ ചെന്നൈയില്‍ സ്ഥിതി ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ജില്ലയിലെ ആറ് ഡാമുകളും റിസര്‍വോയറുകളും 98 ശതമാനം നിറഞ്ഞു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ വകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ മാത്രമാണ്. നാളെ രാവിലെയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നും ഇന്ന് രാത്രിയിലും നാളെ പുലര്‍ച്ചെ വരെയും അതിശക്തമായ കാറ്റും മഴയും തുടരുമെന്നും മുന്നറിയിപ്പുണ്ട്.

അഞ്ച് ജില്ലകളില്‍ നാളെ ചൊവ്വാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാന്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെളളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളത്തിലെ സര്‍വീസുകളും തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും തിരിച്ചുമുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി. രാവിലെ ഇ.സി.ആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ജനങ്ങളോട് അടിയന്തര ആവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.