നിമിഷപ്രിയയുടെ അമ്മ തല്‍ക്കാലം യമനിലേക്ക് പോകണ്ട; നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

Share

ഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ അനുമതിയില്ല. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നും സുരക്ഷ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം.

നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.കേന്ദ്രത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പ്രേമകുമാരിയുടെ അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ അറിയിച്ചു

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ ബിസിനസ് പങ്കാളിയായിരുന്ന യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കറില്‍ തളളിയെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. 2017 ജൂലൈ 25-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങള്‍ നിര്‍ജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു.