നാളെ യു.എ.ഇ-യുടെ 52-ാമത് ദേശീയ ദിനം; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി രാജ്യം

Share

ദുബായ്: നാളെ ഡിസംബര്‍ 2. ലോകം ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യു.എ.ഇ-യുടെ ദേശീയ ദിനമാണ്. ഭാവിയിലേക്കുള്ള പ്രത്യാശ നല്‍കി 52-ാമത് ദേശീയ ദിനാഘോഷം വിപുലമാക്കാന്‍ ദേശ-ഭാഷാ വ്യത്യാസമില്ലാതെ ഏഴ് എമിഎറേറ്റുകളിലെയും നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എക്‌സ്‌പോ സിറ്റി ദുബായിലെ ജൂബിലി പാര്‍ക്കിലാണ് യുഎഇ-യുടെ അമ്പത്തിരണ്ടാമത് നാഷണല്‍ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള ടിക്കറ്റ് വില്പന പുരോഗമിക്കുന്നതായി യുഎഇ നാഷണല്‍ ഡേ ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. https://uaenationalday.ae/ എന്ന വിലാസത്തില്‍ നിന്ന് ഈ ടിക്കറ്റുകള്‍ ലഭ്യമാണ്. ഡിസംബര്‍ 2-ന് നടക്കുന്ന ഔദ്യോഗിക ആഘോഷപരിപാടികള്‍ എല്ലാ പ്രാദേശിക ടി.വി ചാനലുകളിലും, ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

യുഎഇ-യുടെ ഒത്തൊരുമ, കൂട്ടായ പ്രവര്‍ത്തനം, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലായിരിക്കും ദേശീയ ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യു.എ.ഇ ആത്യഥ്യമരുളുന്ന യു.എന്‍ കാലാവസ്ഥ വ്യതിയാന സമ്മേളനം കൂടാതെ സുസ്ഥിരതാ വര്‍ഷം എന്നിവയുടെ പശ്ചാത്തലത്തിലാണ് രാജ്യം  ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നാഷണല്‍ ഡേ ഔദ്യോഗിക ചടങ്ങില്‍ സുസ്ഥിരത പ്രമേയമായുള്ള നൂതന സാങ്കേതിക വിദ്യകള്‍, ഭാവി പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതാണ്. ഇതിന്റെ പ്രതീകമായി പരമ്പരാഗത നെയ്ത്ത് വിദ്യയിലൂന്നിയുള്ള ഒത്തൊരുമ, സുസ്ഥിരത തുടങ്ങിയ ഘടകങ്ങളെ ഉയര്‍ത്തിക്കാട്ടി അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി അരങ്ങേറും.

ദേശീയ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്വകാര്യ മേഖലയ്ക്കും വാരാന്ത്യ അവധി ഉള്‍പ്പടെ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ 2 ശനിയാഴ്ച മുതല്‍ 4-ാം തീയതി തിങ്കളാഴ്ച വരെയാണ് രാജ്യത്ത് പൊതുഅവധി. യുഎഇ ദേശീയ ദിനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രതീകം കൂടിയാണ്. ഇതിന്റെ ഭാഗമായി  രാജ്യത്തെ ജയിലുകളില്‍ നിന്ന് 3440 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ ഉത്തരവിട്ടു. അബുദബി ജയിലുകളില്‍ നിന്ന് 1018 പേര്‍ക്കും ദുബായില്‍ 1249, ഷാര്‍ജ 475, അജ്മാന്‍ 143, റാസല്‍ഖൈമ 442, ഫുജൈറില്‍ നിന്ന് 113 തടവുകാര്‍ക്കും മോചനം ലഭിക്കും. ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും ശിക്ഷാകാലത്ത് നല്ല നടപ്പിന് വിധേയരായവരെയുമാണ് മോചനത്തിന് പരിഗണിച്ചത്.

കൂടാതെ ദേശീയ ദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകളില്‍ ഗതാഗത പിഴകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറയില്‍ ഗതാഗത പിഴകളില്‍ 50 ശതമാനമാണ് ഇളവ് നല്‍കിയിട്ടുളളത്. 2023 നവംബര്‍ 30 മുതല്‍ 52 ദിവസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 നവംബര്‍ 30-ന് മുമ്പായി ലഭിച്ച പിഴകള്‍ക്കാണ് ഇളവ് ബാധകം. എന്നാല്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമായിരിക്കില്ല. ഉമ്മുല്‍ ഖുവൈനിലും ഗതാഗത പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 നവംബര്‍ 1-ന് മമ്പ് ലഭിച്ച പിഴകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുളളത്. ഡിസംബര്‍ 1 മുതല്‍ ജനുവരി 7 വരെ ഈ ഇളവ് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് കിട്ടിയ പിഴയില്‍ ഇളവുണ്ടാകില്ല. റാസല്‍ ഖൈമയിലും 50 ശതമാണ് ഗതാഗത പിഴകളില്‍ നല്‍കിയിരിക്കുന്ന ഇളവ്.