യു.എ.ഇ ദേശീയ ദിനം; പിഴയിളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമയും ഉമ്മുല്‍ഖ്വയിനും

Share

ദുബായ്: ഈ വരുന്ന ഡിസംബര്‍ 2-ന് യുഎഇ 52-ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി വ്യത്യസ്തമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ എമിറേറ്റുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതും അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. ഇതിന്റെ ആദ്യപ്രഖ്യാപനം പുറത്തുവന്നത് റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ നിന്നാണ്. പതിവുപോലെ പിഴത്തുകയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് റാസല്‍ഖൈമയും ഉമ്മുല്‍ഖുവൈനും. ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് ഉമ്മുല്‍ഖുവൈന്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതുവായ പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് റാസല്‍ഖൈമ.

ഡിസംബര്‍ മാസത്തില്‍ അടയ്ക്കുന്ന മുഴുവന്‍ പിഴ സംഖ്യകള്‍ക്കും 50 ശതമാനം ഇളവുണ്ടാകുമെന്ന് റാസല്‍ഖൈമ പൊതുസേവന വകുപ്പ് അറിയിച്ചു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സന്തോഷം പകരുന്നതിനുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പിഴയിളവെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ റാക് പിഎസ്ഡിക്ക് കീഴില്‍ വരുന്ന എല്ലാ പിഴകള്‍ക്കും ഇളവ് ബാധകമാണ്. ഉമ്മുല്‍ഖുവൈന്‍ എമിറേറ്റില്‍ 2023 നവംബര്‍ ഒന്നിന് മുമ്പ് ചുമത്തിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് നല്‍കുന്നത്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴികെയുള്ളവയ്ക്കാണ് പ്രത്യേക ഇളവ് ലഭിക്കുകയെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. 2023 ഡിസംബര്‍ ഒന്നു മുതല്‍ 2024 ജനുവരി ഏഴു വരെ കിഴിവോടെ പിഴ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ അവസരമുണ്ട്.