വിമാനയാത്രയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? പുതിയ നഷ്ടപരിഹാര പാക്കേജുമായി സൗദി

Share

റിയാദ്: വിമാനയാത്രയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് സ്വാഭാവികമാണ്. സര്‍വീസുകളുടെ സമയക്രമം മാറുക, മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കുക അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വിമാനയാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ പല വിമാനക്കമ്പനികളും ശ്രമിക്കാറില്ല. ഇവിടെയാണ് സൗദിയിലെ വിമാനക്കമ്പനികള്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്. ഇനിമുതല്‍ വിമാന സര്‍വീസിന് കാലതാമസം നേരിടുകയോ സര്‍വീസ് നേരത്തെയാക്കുകയോ, അറിയിപ്പില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ, സീറ്റ് നിഷേധിക്കുകയോ സീറ്റ് തരം താഴ്ത്തുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് പരാതിപ്പെടാനും ഉചിതമായ നഷ്ടപരിഹാരം ലഭിക്കാനുമുള്ള സൗകര്യമാണ് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്. വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമവുമായി സൗദി വിമാനക്കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഭേദഗതി അനുസരിച്ച് സൗദി വിമാന കമ്പനികള്‍ക്കും അതുപോലെ സൗദിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് പുതിയ നിയമാവലി പ്രാബല്യത്തില്‍ വന്നതായി സൗദി അധികൃതര്‍ അറിയിച്ചു. പുതിയ നിയമം അനുസരിച്ച് വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയാണെങ്കില്‍ യാത്രക്കാരെ യാത്ര പുറപ്പെടുന്നതിന് മുമ്പായി തന്നെ നിര്‍ബന്ധമായും അറിയിച്ചിരിക്കണം. മാത്രമല്ല ഇങ്ങനെ അറിയിപ്പില്ലാതെ സര്‍വീസ് റദ്ദ് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് തുക തിരിച്ച് നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാദ്ധ്യസ്ഥരായിരിക്കും. ഇതിന് പുറമേ ബുക്കിംഗ് നടത്തിയ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനത്തിലധികം നഷ്ടപരിഹാരമായി ലഭിക്കാനും യാത്രക്കാര്‍ക്ക് അവകാശമുണ്ടായിരിക്കും. പഴയ നിയമാവലി പ്രകാരം ഇത്തരം സാഹചര്യമുണ്ടായാല്‍ ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ പുതിയ നിയമത്തില്‍ 150 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കുമെന്നതാണ് പ്രത്യേകത.