ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നാളെ അഹമ്മദാബാദില്‍; മുഖ്യാതിഥിയായി പ്രധാനമന്ത്രി

Share

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോദിക്കൊപ്പം ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിചാര്‍ഡ് മാര്‍ലെസും കേന്ദ്രമന്ത്രിമാരും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഗുജറാത്ത് മുഖ്യമന്ത്രി ‘X’ (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍മാരായ എം.എസ് ധോണി, കപില്‍ ദേവ് എന്നിവരും മല്‍സരം നേരിട്ടു കാണാന്‍ അഹമ്മദാബാദില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ കുടുംബാംഗങ്ങളും ഫൈനല്‍ കാണാന്‍ ഗാലറിയിലുണ്ടാകുമെന്നാണ് വിവരം. ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീം കളിച്ച പല മല്‍സരങ്ങളും കാണാനെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറും കിരീടപ്പോരാട്ടത്തിനുള്ള വേദിയില്‍ ഉണ്ടാകും. പ്രമുഖ രാഷ്ട്രീയക്കാര്‍, മുന്‍ ക്രിക്കറ്റ് താരങ്ങള്‍, താരങ്ങളുടെ കുടുംബങ്ങള്‍ എന്നിവരെ കൂടാതെ, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍മാരും ഫൈനല്‍ വേദിയില്‍ എത്തും. വിവിധ സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളും ഫൈനല്‍ നേരിട്ടു കാണാന്‍ അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.

കാണികള്‍ക്കായി ധാരാളം വിനോദപരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫൈനല്‍ ദിവസം ആരാധകര്‍ക്കായി പ്രത്യേക എയര്‍ ഷോ ഉണ്ടായിരിക്കും. സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് ഗായകരായ ദുവാ ലിപ, പ്രീതം ചക്രവര്‍ത്തി, ആദിത്യ ഗധാവി എന്നിവര്‍ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടിയും നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം നടക്കുന്നത്. ബുധനാഴ്ച മുംബൈയില്‍ വച്ചായിരുന്നു ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍. മല്‍സത്തില്‍ വിജയിച്ചതിന് ശേഷം ഇന്ത്യന്‍ ടീമംഗങ്ങള്‍ അഹമ്മദാബാദിലെത്തി.

12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. 1983-ലും 2011-ലുമാണ് മുമ്പ് ഇന്ത്യ കിരീടം ചൂടിയത്. 2011-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മൊഹാലിയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ സെമി ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. പാക് പ്രധാനമന്ത്രി റാസാ ഗിലാനിയും മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ ഏകദിന ലോകകപ്പില്‍ മുത്തം വയ്ക്കുന്നത് കാണാന്‍ ആകാംക്ഷയോടെ ഇന്ത്യ കാത്തിരിക്കുന്നത്. അഞ്ചുവട്ടം ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയ്ക്കും മൂന്നാം ലോകകപ്പ് കിരീടത്തിനുമിടയിലുള്ള കടമ്പ. ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിലും മികച്ച വിജയമാണ് ഇന്ത്യ നേടിയത്. മികച്ച ഫോമിലാണ് ഇന്ത്യന്‍ ടീം ഇപ്പോഴുള്ളത്.