മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ്; ഇതുവരെ മികച്ച പോളിംഗ്

Share

ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇന്ന് പോളിംഗ് നടക്കുകയാണ്. മധ്യപ്രദേശില്‍ 230 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 70 മണ്ഡലങ്ങളിലുമാണ്് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മധ്യപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് അല്‍പനേരം വോട്ടെടുപ്പ് തടസപ്പെട്ടു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഡില്‍ പോളിംഗ് നടക്കുന്നത്.

ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള നേല്‍ക്കുനേര്‍ പോരാട്ടമാണ് ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത്. മധ്യപ്രദേശില്‍ ശക്തമായ ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ശക്തമായ പ്രചാരണവുമായി ബിജെപി രംഗത്ത് ഇറങ്ങിയപ്പോള്‍ മാറ്റത്തിനായി ജനം വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഛത്തീസ്ഗഡില്‍ ഭരണം നിലനര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാനാകുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേന്ദ്രസേനയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുന്നത്.