ഇനി ശരണം വിളിയുടെ നാളുകള്‍; ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കം

Share

പത്തനംതിട്ട: 2023-24 വര്‍ഷത്തെ മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തിലാണ് ക്ഷേത്രനട തുറന്നത്. നിയുക്ത മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നാളെ പുലര്‍ച്ചെ ശാസ്താ ക്ഷേത്രത്തിന്റെയും മാളികപ്പുറം ക്ഷേത്രത്തിന്റെയും പൂജാദികാര്യങ്ങളുടെ ചുമതലയേല്‍ക്കും. തീര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങളെല്ലാം സജ്ജമാണെന്നും തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. നാളെ പുലര്‍ച്ചെ മുതല്‍ രണ്ട് ക്ഷേത്രങ്ങളിലെയും നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്. പുലര്‍ച്ചെ മൂന്ന് മുപ്പതിനായിരിക്കും നാളെ നട തുറക്കുക. മണ്ഡലകാല പൂജകള്‍ക്കും നാളെ തുടക്കമാകും. നടതുറന്ന ആദ്യദിവസം തന്നെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ഇതിനിടെ നിലയ്ക്കലില്‍ ടോള്‍ പിരിവിനായി ഫാസ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയതായും മരക്കൂട്ടം മുതല്‍ ശരംകുത്തിവരെ ക്യൂ കോംപ്ലക്‌സിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇത്തവണ ശബരിപീഠത്തില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ഡൈനാമിക് ക്യൂ നിയന്ത്രണത്തിലൂടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്ന് പോലീസും വ്യക്തമാക്കി. നിലയ്ക്കലില്‍ മാത്രം കണ്ടെയ്‌നര്‍ ടോയ്ലറ്റുകള്‍ ഉള്‍പ്പടെ 952 ടോയ്ലറ്റുകളള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി. പമ്പയിലും സന്നിധാനത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റുകളും സജ്ജമാണ്.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ അവസാനം വരെയുള്ള സുരക്ഷിത യാത്രയ്ക്ക് ശബരിമലയിലേക്കുള്ള 400 കിലോമീറ്റര്‍ റോഡ് മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പത്തനംതിട്ട-പമ്പ, നിലയ്ക്കല്‍-എരുമേലി, എരുമേലി-മുണ്ടക്കയം, കുമളി- കോട്ടയം, കമ്പംമേട്-കട്ടപ്പന, കുട്ടിക്കാനം-വണ്ടിപ്പെരിയാര്‍ പാതകളും സേഫ് സോണില്‍ ഉള്‍പ്പെടും. സേഫ് സോണ്‍ മേഖലയില്‍ 24 മണിക്കൂര്‍ സേവനവും അപകടമുണ്ടായാല്‍ ഏഴ് മിനിട്ടിനുള്ളിലും സഹായമെത്തിക്കും. അതേസമയം ഓട്ടോറിക്ഷകളിലും ചരക്ക് വാഹനങ്ങളിലും ശബരിമല യാത്ര അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സന്നിധാനം, പമ്പ, പമ്പയ്ക്ക് പുറത്തുള്ള പ്രദേശം എന്നിങ്ങനെ ഹോട്ടല്‍ സേവനങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് ഹോട്ടലുകള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ പ്രത്യേക സ്‌ക്വാഡുകളുടെ കൃത്യമായ പരിശോധനയുമുണ്ടാകും.