ഗാസയെ വരിഞ്ഞുമുറുക്കി ഇസ്രായേല്‍ ആക്രമണം; സൗദിയില്‍ അറബ് നേതാക്കളുടെ അടിയന്തര യോഗം

Share

റിയാദ്: ഒരുമാസം പിന്നിട്ട ഇസ്രായേല്‍ ഹമാസ് യുദ്ധം മനുഷ്യത്വത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ഭേദിക്കുമ്പോള്‍ അറബ് രാജ്യങ്ങള്‍ അടിയന്തിര യോഗം ചേരും. ഗാസമുനമ്പില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതോടെയാണ് സൗദിയുടെ നേതൃത്വത്തില്‍ അടിയന്തര ഉച്ചകോടി നടത്തുന്നത്. ഇതിന്റെ ഭാഗമായി അറബ് രാഷ്ട്രീയ നേതാക്കള്‍ സൗദിയില്‍ എത്തിച്ചേർന്നു. ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയില്‍ ഗാസയെ കുറിച്ചുള്ള വിഷയം മാത്രമാണ് ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം. വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇപ്പോള്‍ സൗദിയില്‍ എത്തിയിരിക്കുന്നത്.

മാത്രമല്ല യോഗത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയും സൗദിയില്‍ എത്തിയിട്ടുണ്ട്. ആദ്യമായാണ് ഇബ്രാഹിം റെയിസി സൗദിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 22-ഓളം അറബ് രാജ്യങ്ങളിലെ പ്രതിനിധികളാണ് സൗദിയിലെ യോഗത്തില്‍ പങ്കെടുക്കുന്നത്. സൗദി അറേബ്യയുടെ ക്ഷണം സ്വീകരിച്ചാണ് അറബ് നേതാക്കള്‍ റിയാദില്‍ എത്തിയത്. ജിസിസി രാജ്യങ്ങളിലെ തലവന്‍മാര്‍ക്ക് പുറമേ മറ്റ് അറബ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്ക് എത്തിയിട്ടുണ്ട്. പാലസ്തീന്‍ വിഷയത്തില്‍ സമാധാനമപരമായ പരിഹാരമാണ് സൗദിയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.