സര്‍ക്കാരിന്റെ സാമ്പത്തിക നയം വന്‍ പരാജയം; മുസ്ലീം ലീഗ് സമരത്തിലേക്ക്

Share

മലപ്പുറം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയം വന്‍ പരാജയമെന്നാരോപിച്ച് മുസ്ലിം ലീഗ് സമരമുഖത്തേയ്ക്ക്. ഇതിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയുമാണ് ലീഗ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. സരമത്തിന്റെ ആദ്യഘട്ടമായി കേരളത്തിലെ എല്ലാ വൈദ്യുതി ഓഫീസുകൾക്കു മുന്നിലും നാളെ വ്യാഴാഴ്ച ധര്‍ണ നടത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ യു.ഡി.എഫ് ഏറ്റെടുക്കുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തെ ആഗോള തലത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നത് തല്ലതുതന്നെയെന്നും എന്നാല്‍ മറുവശത്ത് ക്ഷേമ പെന്‍ഷന്‍ പോലും കൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നത് വന്‍ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വന്‍ പരാജയമാണെന്നാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും മുസ്ലിം ലീഗ് രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി വിഹിതം ലഭ്യമാക്കുന്നതില്‍ കേന്ദ്രത്തിനും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിഷയം വേണ്ടതുപോലെ  കേന്ദ്രത്തോട് ഉന്നയിക്കാൻ കേരള സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു.