ഗാസ നഗരം വളഞ്ഞ് ഇസ്രായേല്‍ സേന; ശക്തമായി തിരിച്ചടിക്കുമെന്ന് ഹമാസ്

Share

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് പോരാട്ടം അതിരൂക്ഷമായി തുടരുമ്പോള്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ നഗരം വളഞ്ഞതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അവകാശപ്പെട്ടു. ഹമാസിന്റെ താവളമായ ഗാസ നഗരം വളഞ്ഞുവെന്നും ഇനി അവിടെ നിന്നായിരിക്കും പോരാട്ടം തുടരുകയെന്നും ഇസ്രയേല്‍ സേന വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗ്രി പറഞ്ഞു. അന്തിമ വിജയം വരെ വെടിനിര്‍ത്തല്‍ നയം ഇസ്രയേലിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മാനുഷിക പരിഗണനയുടെ ഭാഗമായി യുദ്ധം താത്ക്കാലികായി നിര്‍ത്തിവയ്ക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇസ്രയേല്‍ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതിനിടെ ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന 240 പേരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇവരെ കണ്ടെത്താന്‍ ഗാസയില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയതായും സൂചനയുണ്ട്.

അതേസമയം, ഇസ്രയേല്‍ സേന ശക്തമായ തിരിച്ചടി നേരിടുമെന്ന് ഹമാസും വ്യക്തമാക്കി. ഗാസയില്‍ കടന്നത് ഇസ്രയേലിന് ശാപമായിരിക്കുമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞായിരിക്കും വീടുകളിലേക്ക പോകുകയെന്നും എസ്സെദിന്‍ അല്‍ ഖ്വാസം ബ്രിഗേഡ്സ് വക്താവ് അബു ഒബെദി പറഞ്ഞു. ഇസ്രയേലിന്റെ 19 പൊസിഷനുകള്‍ തകര്‍ത്തതായി ലെബനോനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അവകാശപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഏറ്റുമുട്ടലില്‍ ഗാസയില്‍ ഇതിനകം 3,760 കുട്ടികള്‍ അടക്കം 9,061 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.