ഇനി നിയമ പോരാട്ടത്തിലേക്ക്; സ്വന്തം ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Share

ഡല്‍ഹി: നിയമസഭ ബില്ലുകള്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ഒടുവില്‍ നിയമ പോരാട്ടത്തിലേക്ക്..ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമസഭ നിയമാനുസൃതം പാസാക്കിയ ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നുവെന്നും ഗവര്‍ണറുടെ നിസഹരണം ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി.കെ ശശിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ തെലങ്കാന, പഞ്ചാബ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനൊപ്പമാകും കേരള സര്‍ക്കാരിന്റെ ഹര്‍ജിയും കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നുവെന്ന് ആരോപിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.