സൗദി അടിമുടി മാറുന്നു; അറബിക് കലണ്ടറിന് പകരം ഇംഗ്ലീഷ് കലണ്ടര്‍

Share

റിയാദ്: നിര്‍ണായക ഭരണപരിഷ്‌കാരവുമായി സൗദി. ഇനിമുതല്‍ സൗദിയിലെ ഔദ്യോഗിക ഉപയോഗങ്ങള്‍ക്കെല്ലാം ഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍ കലണ്ടര്‍) പിന്‍തുടരാന്‍ തീരുമാനം. ഇതുവരെ ഉപയോഗിച്ചിരുന്ന അറബിക് കലണ്ടറിന് (ഹിജ്റ കലണ്ടര്‍) പകരമായാണ് ഇംഗ്ലീഷ് കലണ്ടര്‍ പരിഗണിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. രാജ്യത്തെ എല്ലാ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളുടെയും ഇടപാടുകളുടെയും തീയതി കണക്കാക്കുന്നതിനുള്ള അടിസ്ഥാനം ഇനി മുതല്‍ ഇംഗ്ലീഷ് കലണ്ടര്‍ അടിസ്ഥാനമാക്കി പരിഗണിക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

വിസിറ്റ്, തൊഴില്‍, ബിസിനസ്, ഫാമിലി തുടങ്ങിയ വിവിധ തരം വിസകളുടെ കാലാവധിയും വിദേശികളുടെ ഇഖാമ സംബന്ധിച്ച് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്വദേശികളുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാവിധ സര്‍ക്കാര്‍ രേഖകളുടെയും സേവനങ്ങളുടെയും കാലാവധിയും ഇനിമുതല്‍ ഹിജ്റ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടര്‍ സംവിധാനത്തിലേക്ക് മാറും. റിയാദില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് പുതിയ തീരുമാനം. അതേസമയം മതപരമായ എല്ലാ കാര്യങ്ങള്‍ക്കും ഹിജ്റ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള സമയക്രമം ആയിരിക്കും തുടരുകയെന്നും അധികൃതര്‍ അറിയിച്ചു.

ഈ പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ ഔദ്യോഗികവും നിയമപരവുമായ ഏതാനും കാര്യങ്ങള്‍ക്ക് സൗദിയില്‍ ഇംഗ്ലീഷ് കലണ്ടറിന്റെ അടിസ്ഥാനത്തില്‍ കാലയളവ് പരിഗണിക്കാന്‍ തുടങ്ങിയിരുന്നു. ഹിജ്റ കലണ്ടര്‍ ഗ്രിഗോറിയന്‍ കലണ്ടറിനേക്കാള്‍ വര്‍ഷത്തില്‍ 11 അല്ലെങ്കില്‍ 12 ദിവസങ്ങള്‍ കുറവായിരിക്കുമെന്നതാണ് പ്രത്യേകത. അറബിക് കലണ്ടര്‍ പ്രകാരം ശമ്പളം ലഭിക്കുമ്പോള്‍ ജോലിക്കാര്‍ക്ക് അത് നേട്ടമാവുകയും ചെയ്തിരുന്നു. ശമ്പളം, വേതനം, ബോണസ്, അലവന്‍സുകള്‍ എന്നിവ 2016 മുതല്‍ തന്നെ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ക്രമീകരിക്കുന്നത്.