വിക്രമിന്റെ പുതിയ വേഷപ്പകര്‍ച്ച; ആകാംക്ഷയുടെ മുള്‍മുനയില്‍ ‘തങ്കലാന്‍’ ടീസര്‍

Share

NEWS DESK : ഇന്ത്യൻ സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി ജനലക്ഷങ്ങളുടെ കൈയടി നേടി മുന്നേറുന്ന താരമാണ് വിക്രം. പ്രധാന വേഷങ്ങളിലും സഹവേഷങ്ങളിലും അഭിനയത്തോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുള്ള ഒരു നടൻ എന്ന നിലയിൽ പ്രേക്ഷകരെ ഞെട്ടിക്കാനും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനുമായി പുതിയൊരു വേഷപ്പകർച്ച നടത്തിയിരിക്കുകയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ‘തങ്കലാന്‍’ എന്ന തമിഴ് സിനിമയിലൂടെ. ഇതിന് ഉദാഹരണമാണ് ഇപ്പോൾ പുറത്തിറങ്ങിയ തങ്കലാൻ സിനിമയുടെ ടീസർ. ചരിത്രവും മിത്തും ഇഴചേര്‍ന്ന കോളാര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ചിത്രമാണ് വിക്രം–പാ രഞ്ജിത്ത് ടീം അണിയിച്ചൊരുക്കുന്ന ‘തങ്കലാന്‍’ സിനിമ. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനോടകം സിനിമയുടെ ടീസര്‍ സിനിമാ ലോകത്തും മാധ്യമ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയായി കഴിഞ്ഞു. വിക്രമിന്റെ അഭിനയ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമയായിരിക്കും ഈ സിനിമ എന്നതിൽ തർക്കമില്ല.

മലയാള സിനിമയ്ക്ക്  ശ്രദ്ധേയ കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടി പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് തങ്കലാൻ ചിത്രത്തിലെ നായികമാര്‍. തമിഴ് സൂപ്പർ താരം പശുപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാങ്കേതിക തികവിൽ ഏറെ ശ്രദ്ധപുലർത്തി ചിത്രീകരിച്ചിരിക്കുന്ന ‘തങ്കലാൻ’  2024 ജനുവരി 26-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ഇ ജ്ഞാനവേൽ രാജയാണ്.  തമിഴിലെ ഹിറ്റ് മേക്കർ സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാറാണ് തങ്കലാനായി സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. ആക്ഷൻ കൊറിയോഗ്രഫി സ്ടാന്നെർ സാം.