കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരിനെതിരെ കേസെടുത്ത് കേരള പോലീസ്; പ്രതിഷേധവുമായി ബി.ജെ.പി

Share

കൊച്ചി: വാദപ്രതിവാദങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് പകരം വീട്ടി കേരള പോലീസ്. മലയാളിയായ കേന്ദ്ര ഐ.ടി സഹമന്ത്രിയും ബി.ജെ.പി നേതാവും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിനെതിരെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ കേരള പോലീസ് കേസെടുത്തത്. കൊച്ചി സൈബര്‍ സെല്‍ വിഭാഗം എസ്.ഐയുടെ പരാതിയിലാണ് കേസ് എടുത്തത്. രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു, ഒരു മതവിഭാഗത്തിനെതിരെ സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചു, പാലസ്തീന്‍ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചു എന്നതാണ് കേന്ദ്രമന്ത്രിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്ന കുറ്റം. മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അ്‌റിയിച്ചു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അപലപിക്കുന്നുവെന്നും ബി.ജെ.പി കേരള അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. തീവ്രചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഡലക്ഷ്യത്തോടെ എടുത്ത കേസാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ട നീതിയും ഇക്കാര്യത്തില്‍ പ്രകടമായിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. വിഷം വമിക്കുന്ന വര്‍ഗീയവാദിയാണ് എന്നാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചത്. ഇതിനെതിരെ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് തന്നെ വിമര്‍ശിക്കുന്നതെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.