കോഴിക്കോട് എയര്‍പോര്‍ട്ടിലെ വിമാന സര്‍വീസുകളില്‍ മാറ്റം; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഒമാന്‍ എയറിന്റെയും സമയം പുന:ക്രമീകരിച്ചു

Share

ഒമാന്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ പകല്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെ ചില വിമാനങ്ങളുടെ സമയക്രമം പുന:ക്രമീകരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഒമാന്‍ എയറിന്റെയും സമയങ്ങളിലാണ് നിലവില്‍ മാറ്റം വന്നിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും എയര്‍ ഇന്ത്യ കോഴിക്കോട് നിന്നും സര്‍വീസ് നടത്തിയിരുന്നുവെങ്കിലും നവംബര്‍ മാസം മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്ടേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് പ്രകാരം നവംബറില്‍ മൂന്ന് ദിവസങ്ങളിലായി നാല് സര്‍വിസുകള്‍ മാത്രമായിരിക്കും നടത്തുക. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ് ഉള്ളത്. ഇതില്‍ ഇനി വ്യാഴാഴ്ച ദിവസങ്ങളില്‍ രണ്ട് സര്‍വിസുകള്‍ മാത്രമായി നിജപ്പെടുത്തി.

കോഴിക്കോട്ടേക്കുള്ള ശനി, വ്യാഴം ദിവസങ്ങളിലെ സര്‍വീസിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 11.40-ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 05.05-ന് കോഴിക്കോട്ടെത്തും. വ്യാഴാഴ്ചത്തെ രണ്ടാമത്തെ സര്‍വിസും ഉച്ചക്ക് 11.40 ന് പുറപ്പെട്ട് വൈകീട്ട് 05.05-ന് കോഴിക്കോട്ടെത്തും. ഒമാന്‍ എയര്‍ എല്ലാ ദിവസവും രണ്ട് സര്‍വിസ് വീതം നടത്തുന്നുണ്ട്. ശനി, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഉള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ 8.55-ന് പുറപ്പെട്ട് വിമാനം ഉച്ചക്ക് 1.50-ന് കോഴിക്കോട്ടെത്തിച്ചേരും. പിന്നീട് വ്യാഴാഴ്ച രാവിലെ 8.55-നും, 9.10-നും രണ്ട് വിമാനങ്ങള്‍ സര്‍വിസ നടത്തും.

വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പുലര്‍ച്ച 2.50-ന് പുറപ്പെട്ട് രാവിലെ 7.45-ന് എത്തിച്ചേരും. വൈകുന്നേരം 3.10-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.05-ന് കോഴിക്കോട്ടെത്തുന്ന തരത്തിലാണ് രണ്ട് സര്‍വീസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ മാസത്തില്‍ കോഴിക്കോട്ടേക്കുള്ള സര്‍വിസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറയ്ക്കുന്നത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. നിരക്കുകള്‍ കൂടാനും ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.