യു.എ.ഇ-യില്‍ ‘ഗൂഗിള്‍ പേ’ മാതൃകയില്‍ പണമയക്കാം; ‘AANI’ ആപ്പ് ഉടന്‍ സജ്ജമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക്

Share

ദുബായ്: പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കാനൊരുങ്ങി യു.എ.ഇ. ഇന്ത്യയില്‍ വിജയകരമായി തുടരുന്ന UPI മാതൃകയില്‍ അതായത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള നിരവധി ഓണ്‍ലൈന്‍ ആപ്പിലൂടെയുള്ള പണം കൈമാറല്‍ രീതി യു.എ.ഇ-യിലും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ‘AANI’ (Advanced Access Network Interface) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ-യുടെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വ്യക്തികള്‍ തമ്മിലും കൂടാതെ കടകളിലും ബിസിനസ്സ് സെന്ററുകളിലുമെല്ലാം മൊബൈല്‍ നമ്പറും ക്യു.ആര്‍ കോഡ് ഉപയോഗിച്ചും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനം 2023 ഒക്ടോബര്‍ 16-നാണ് രാജ്യത്ത് അവതരിപ്പിച്ചത്. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

യു.എ.ഇ-യിലുടനീളം വെറും 10 സെക്കന്‍ഡിനുള്ളില്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി പണമയക്കാം എന്നതാണ് ‘Aani’ ആപ്പിന്റെ പ്രത്യേകത. ബാങ്ക് അക്കൗണ്ട് നമ്പറോ ‘IBAN’ (International Bank Account Number) നമ്പറോ ആവശ്യമില്ലാതെ തന്നെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരാളുടെ മൊബൈല്‍ നമ്പറിലേക്ക് പണം അയയ്ക്കാനും സ്വീകരിക്കാനും ‘AANI’ ആപ്പിലൂടെ കഴിയും. ഈ പ്ലാറ്റ്ഫോമിലൂടെ ഒരു ദിവസം കൈമാറ്റം ചെയ്യാവുന്ന പണത്തിന്റെ പരമാവധി പരിധി 50,000 ദിര്‍ഹമായിരിക്കും.

ആപ്പ് വഴി പണമയക്കാനുള്ള നടപടിക്രമങ്ങള്‍ ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും. നിലവില്‍ അക്കൗന്റുള്ള അതത് ബാങ്ക് ആപ്പുകളുടെ സഹായത്തോടെ എമിറേറ്റ്‌സ് ഐഡിയും മൊബൈല്‍ നമ്പറും പോലുള്ള സ്വകാര്യ രേഖകള്‍ നല്‍കി സുരക്ഷാ പിന്‍ നമ്പറോ ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ്വേര്‍ഡോ നല്‍കി ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഇതിനുശേഷം നമ്മുടെ എന്‍ട്രി വിജയകരമായി പൂര്‍ത്തിയായി എന്ന് ബാങ്കില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിക്കും. ഇതിനുശേഷം മാത്രമേ ‘AANI’ പ്ലാറ്റ്‌ഫോമിലൂടെ പണം കൈമാറാനോ സ്വീകരിക്കാനോ കഴിയുകയുള്ളൂ. അല്‍ എത്തിഹാദ് പേയ്മെന്റ് നിബന്ധന പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിനുള്ള പ്രോസസ്സിംഗ് ഫീസ് അതത് ബാങ്കുകളാണ് തീരുമാനിക്കുക.

നിലവില്‍ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (ADCB), അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്, എമിറേറ്റ്‌സ് എന്‍.ബി.ഡി (Emirates NBD), ഫിനാന്‍സ്ഹൗസ്, ഫസ്റ്റ് അബുദബി ബാങ്ക്, ഹബീബ് ബാങ്ക് എജി സൂറിച്ച്, മഷ്റിക്ക് ബാങ്ക, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, (NBF) എന്നിവയാണ് നിലവില്‍ ‘AANI’ ആപ്പുമായി പങ്കാളിത്തമുള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍. ഈ ധനകാര്യ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ നിലവില്‍ ഈ ആപ്പ് വഴി പണമിടപാട് നടത്താന്‍ കഴിയൂ.