സിനിമ റിവ്യൂ ചെയ്യുമ്പോള്‍ ഇനി സൂക്ഷിക്കണം; ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കേരള പോലീസ്

Share

NEWS DESK: ഒരു സിനിമ റിലീസ് ആയാല്‍ അതിനെ കുറിച്ച് ഒരു അവലോകനം നടത്താന്‍ നമുക്ക് അധികാരമുണ്ടോ ? ഇപ്പോഴത്തെ അവസ്ഥയില്‍ ഉണ്ടെന്നും ഇല്ലെന്നും പറയാം. കാരണം തിയറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമയെ കുറിച്ച് റിവ്യൂ നടത്തിയവര്‍ക്കെതിരെ ആദ്യ കേസ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് സംവിധായകന്റെ പരാതി. ഇങ്ങനെ റിവ്യൂ നടത്തിയ 9 പേര്‍ക്കെതിരെ മാത്രമല്ല സമൂഹമാധ്യമ ഫ്ളാറ്റ്ഫോമുകളായ യൂട്യൂബിനെയും ഫേസ്ബുക്കിനെയും പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ റിലീസിംഗ് ദിനത്തില്‍ തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇതേതുടര്‍ന്ന് സിനിമയുടെ റിലീസിന് ശേഷം ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായുള്ള തെറ്റായ പ്രചരണം നടക്കുകയും എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും പിന്നീട് ഹൈക്കോടതി തന്നെ വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ചോദിക്കുന്ന സാഹചര്യമുണ്ടായി. ഫോണ്‍ കയ്യിലുള്ളവര്‍ക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്‌മെയിലിംഗ് നടത്തുന്ന വ്‌ലോഗര്‍മാര്‍ മാത്രമാണ് ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സിനിമ റിവ്യൂ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.

അപ്പോള്‍ സിനിമ റിവ്യൂ നിയമലംഘനമാണോ എന്ന സംശയം വീണ്ടും നിലനില്‍ക്കുകയാണ്. സിനിമ എന്നത് ആത്യന്തികമായി ഒരു സംവിധായകന്റെ കലയെന്ന് നമ്മള്‍ പറയുമ്പോഴും അതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പേരുടെ ജീവിതത്തിന്റെ കല കൂടിയാണ്. കലാമൂല്യത്തിനപ്പുറം ഒരു ബിസിനസ് മേഖല കൂടി ആയതിനാല്‍ ഇത്തരം റിവ്യൂകള്‍ പലപ്പോഴും സിനിമയുടെ സാമ്പത്തിക അടിത്തറയെ ബാധിക്കും. റിവ്യൂ നടത്തുന്നവര്‍ക്ക് സിനിമ കാണാനോ കാണാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ആ സിനിമയെ കഠാരയെക്കാള്‍ മൂര്‍ച്ഛയുള്ള സംസ്‌കാരശൂന്യമായ വാക്കുകള്‍ കൊണ്ട് കൊല്ലാകൊല ചെയ്യരുത്. അതുകൊണ്ട് കഴിവതും ഉപകാരം ചെയ്തില്ലെങ്കിലും കോപ്രായം കാട്ടി കുറേ ഫോളോവേഴ്‌സിനെ ഉണ്ടാക്കിയെടുത്തു എന്ന ഒറ്റ പിന്‍ബലത്തില്‍ മാസങ്ങള്‍ വിയര്‍പ്പൊഴുക്കി നിര്‍മ്മിച്ച ഒരു കലാ സൃഷ്ടിയെ തകര്‍ക്കാന്‍ നമ്മുടെ പൊതുസമൂഹം കൂട്ടു നില്‍ക്കരുത്. അത് കുറേ മനുഷ്യ ജീവിതങ്ങളോട് ചെയ്യുന്ന നെറികേടാണ്..ക്രൂരതയാണ്..