ഭീതി വിതച്ച് തേജ് ചുഴലിക്കാറ്റ്; ഒമാന്‍ അതീവ ജാഗ്രതയില്‍

Share

മസ്‌കറ്റ്: തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി രാജ്യം. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് അവധി. 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും നിര്‍ണായകമാണ്. ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും, തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. 20 സെന്റമീറ്ററിന് മുകളില്‍ മഴ പെയ്യുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നുമാണ് മുന്നറിയിപ്പ്.

തേജ് ചുഴലിക്കാറ്റ് ഒമാന്റെ അല്‍ദോഫര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണര്‍റേറ്റുകളില്‍ ആഞ്ഞു വീശുന്ന പശ്ചാത്തലത്തില്‍ ദേശീയ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പ് കണക്കിലെടുത്തും രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും അല്‍ ദഹാരിസ്, ന്യൂ സലാല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ഒമാന്‍ സമയം 2.30 മുതല്‍ അടച്ചു. എന്നാല്‍ അല്‍-സഅദ, അവഖാദ്, സലാല അല്‍ ഗര്‍ബിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടരും. ചില റൂട്ടുകളില്‍ ബസ്, ഫെറി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. മസ്‌കത്ത്-ഹൈമ-സലാല , മസ്‌കത്ത്-മര്‍മുല്‍- സലാല എന്നീ സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. അല്‍ ഹലാനിയത്ത്-താഖ റൂട്ടില്‍ ഫെറി സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.

അതേസമയം തേജ് ചുഴലിക്കാറ്റിന്റെ ആഘാതം നേരിടുന്നതിന്റെ തയ്യാറെടുപ്പിനായി ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹലാനിയത്ത് ദ്വീപുകളിലെയും, സലാല, രഖ്യുത്, ധല്‍കോട്ട് എന്നീ വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാന്‍ ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. തേജ് ചുഴലിക്കാറ്റ് മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാന്‍ ഒമാന്‍ ദുരന്ത നിവാരണ സമതി തയ്യാറായി കഴിഞ്ഞു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ 32 ഷെല്‍ട്ടര്‍ സെന്ററുകളും അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ 3 ഷെല്‍ട്ടര്‍ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. ഒമാന്‍ തീരത്ത് നിന്ന് ഏകദേശം 450 കിലോമീറ്റര്‍ അകലെ അറബിക്കടലിന് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കാറ്റഗറി മൂന്ന് ചുഴലിക്കാറ്റാണ് തേജ്. അതിന്റെ പ്രഭവ കേന്ദ്രത്തിനടുത്തുള്ള കാറ്റിന്റെ വേഗത 96-120 നോട്ട് ആണ്.