കരുതിയിരിക്കുക; തട്ടിപ്പുകള്‍ പലവിധം

Share

ഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുറക്കാനും സിം എടുക്കുന്നതിനും അടക്കം ഇന്നത്തെ കാലത്ത് എല്ലാത്തിനും വേണ്ട ഒന്നാണ് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ചില തട്ടിപ്പുകളെ കുറിച്ചാണ്. ഇത്തരം തട്ടിപ്പുകാര്‍ തിരഞ്ഞെടുക്കുന്ന ഇരകളുടെ അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. വിരലടയാളവും മറ്റ് ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് തട്ടിപ്പ് സംഘം അക്കൗണ്ടില്‍ നിന്ന് പണം കവരുന്നത്.

ആധാര്‍ എനേബള്‍ഡ് പെയ്മെന്റ് സിസ്റ്റത്തിലെ (എഇപിഎസ് ) പഴുതുകള്‍ ഉപയോഗിച്ചാണ് ഒരു സംഘം പണം തട്ടിയെടുക്കുന്നത്. ഈ രീതിയിലൂടെ പണം തട്ടിയെടുത്താല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ വിവരം ഉടമകള്‍ക്ക് സന്ദേശത്തിലൂടെ അറിയാന്‍ സാധിക്കില്ല. ഫോട്ടോസ്റ്റാറ്റ് കടകള്‍, സൈബര്‍ കഫേ എന്നിവിടങ്ങളില്‍ നിന്നാണ് തട്ടിപ്പ് സംഘത്തിന് ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്നത്. പിന്നാലെ അവരെ പിന്തുടര്‍ന്ന് ബാങ്ക് വിവരങ്ങള്‍ സ്വന്തമാക്കും. തുടര്‍ന്ന് ഇരയുടെ വിരലടയാള വിവരങ്ങള്‍ രജിസ്ട്രി ഓഫീസില്‍ നിന്ന് കൈക്കലാക്കും. ലഭിക്കുന്ന വിരലടയാളങ്ങള്‍ ഉപയോഗിച്ച് എഇപിഎസ് വഴി തട്ടിപ്പ് സംഘം പണം തട്ടിയെടുക്കും. ഇങ്ങനെ തട്ടിപ്പ് നടത്തിയാല്‍ പണം നഷ്ടപ്പെട്ട വിവരം അക്കൗണ്ട് ഉടമ പെട്ടെന്ന് അറിയുകയുമില്ല.

എന്നാല്‍ ഇത്തരം തട്ടിപ്പ് സംഘത്തില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ചില വഴികളുണ്ട്. ആധാര്‍ വിവരങ്ങളിലെ ബയോമെട്രിക് ഡാറ്റ എംആദാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐ വെബ്സൈറ്റ് ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ സാധിക്കും. ഇതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എംആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
യുസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ആപ്പില്‍ പ്രവേശിക്കുക
പ്രാഫൈല്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക
ആപ്പിന്റെ വലതു ഭാഗത്ത് മുകളില്‍ കാണുന്ന മെനു ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക
ശേഷം ബയോമെട്രിക്‌സ് സെറ്റിംഗ്‌സില്‍ എനേബിള്‍ ബയോമെട്രിക് ലോക്ക് ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക
പിന്നീട് ഓകെ കൊടുത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ വരുന്ന ഒടിപി എന്റര്‍ ചെയ്യുക.
പിന്നാലെ ബയോമെട്രിക്ക് വിവരങ്ങള്‍ ലോക്കാകും