തിരുവനന്തപുരം: നിരാലംബരായി അഗതി മന്ദിരങ്ങളില്‍ കഴിഞ്ഞിരുന്ന ഒരുകൂട്ടം അമ്മമാരെ തേടി അവരുടെ ബന്ധുക്കളെത്തിയപ്പോള്‍ വീണ്ടും പുതുജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലായിരുന്നു ഒരോരുത്തരും. ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ജീവിത സായാഹ്നത്തിലും പ്രതീക്ഷയോടെ വീണ്ടും കുടുംബ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ അമ്മമാര്‍ക്ക് കഴിഞ്ഞത്. പൂജപ്പുരയിലെ ഓള്‍ഡേജ് ഹോം, ആശാഭവന്‍, മഹിളാമന്ദിരം എന്നിവടങ്ങളില്‍ കഴിഞ്ഞിരുന്ന അമ്മമാര്‍ക്കാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ അദാലത്ത് തുണയായി മാറിയത്. അദാലത്തില്‍ പരിഗണിച്ച 18 കേസുകളില്‍ നാല് അമ്മമാരെ അവരുടെ മക്കളെത്തി അവരുടെ ജീവിതത്തിലേക്ക് കൊണ്ടു പോയി. മറ്റ് അമ്മമാര്‍ക്കും താമസിയാതെ വീട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയും ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ഇടപെടലിലൂടെ സാധ്യമായി.
ഓര്‍മ്മക്കുറവ് കാരണം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ വൃദ്ധസദനത്തില്‍ എത്തപ്പെട്ട ‘മേബിള്‍’ എന്ന അമ്മയെ തിരികെ കൊണ്ടുപോകാന്‍ സന്നദ്ധമാണെന്ന് അറിയിച്ച് അവരുടെ രണ്ട് മക്കളും അദാലത്തില്‍ എത്തി. ഒരുനാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അമ്മയെ പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് അമ്മ വൃദ്ധസദനത്തിലാണെന്ന് അറിഞ്ഞതെന്നും മക്കള്‍ പറഞ്ഞു. മറ്റൊരു അമ്മയായ വിജയമ്മയെ മകനെത്തി വീട്ടിലേക്ക് കൊണ്ടു പോയി. പ്രായമായവരെ അവരുടെ ബന്ധുക്കളോടൊപ്പം നിര്‍ത്താന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇത്തരം അദാലത്തുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ജില്ലാ ജഡ്ജിയും വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജുമായ എം.വി രാജ്കുമാർ അദാലത്ത് ഉദ്ഘാടനം ചെയ്തു. ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ്, വനിതാ ശിശുവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലക്ഷണ, പാനല്‍ അഭിഭാഷക അഡ്വ: അനിത ജി.എസ്, ഓള്‍ഡേജ് ഹോം സൂപ്രണ്ട് വിജി, മറ്റ് സൂപ്രണ്ടുമാരായ ഷൈനി, ജിബി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു.