പത്താം വാര്‍ഷിക നിറവില്‍ ദര്‍ശന യു.എ.ഇ; ആഘോഷ പരിപാടികൾ ഈ മാസം 28-ന്

Share

ഷാര്‍ജ: യു.എ.ഇ-യിലെ പ്രമുഖ ജീവകാരുണ്യ കലാസാംസ്‌കാരിക സംഘടനയായ ദര്‍ശന യു.എ.ഇ-യുടെ പത്താമത് വാര്‍ഷികാഘോഷ പരിപാടികള്‍ 2023 ഒക്ടോബര്‍ 28 ശനിയാഴ്ച  ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറും. പ്രമുഖ പിന്നണി ഗായകരായ അക്ബര്‍ ഖാന്‍, ശ്രീജിഷ് സുബ്രമണ്യം, അഭി വേങ്ങര എന്നിവരോടൊപ്പം യു.എ.ഇ-യിലെ സംഗീത പ്രതിഭകളും ഒത്തുചേരുന്ന ഗാനമേള ആഘോഷ രാവിന് മാറ്റ്കൂട്ടും. ശനിയാഴ്ച വൈകുന്നേരം 6:30 മുതല്‍ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ദര്‍ശനയുടെ കലാവിഭാഗം കണ്‍വീനറും പ്രോഗ്രാം ഡയറക്റ്ററുമായ വീണ ഉല്ലാസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

കൂടാതെ ഒക്ടോബര്‍ 29 ഞായറാഴ്ച നടക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മിറ്റി സെലക്ഷനില്‍ ദര്‍ശനയുടെ പ്രതിനിധികളെ സ്ഥനാര്‍ത്ഥികളായി മത്സരിപ്പിക്കാനും തീരുമാനമുണ്ടായി. ദര്‍ശന പ്രസിഡന്റ് സി.പി ജലീലിന്റെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും ദര്‍ശനയുടെ രക്ഷാധികാരിയുമായ പുന്നക്കന്‍ മുഹമ്മദലി, വര്‍ക്കിംഗ് പ്രസിഡണ്ട് സര്‍ഫുദ്ദീന്‍ വലികത്ത്, സാബു തോമസ്, അഖില്‍ദാസ് ഗുരുവായൂര്‍, ഷിജി അന്ന ജോസഫ്, വീണ ഉല്ലാസ്, മുസ്തഫ കുറ്റിക്കോല്‍, ടി.പി അശറഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ദര്‍ശന ജനറല്‍ സെക്രട്ടറി ഷംസീര്‍ നാദാപുരം സ്വാഗതവും ട്രഷറര്‍ കെ.വി ഫൈസല്‍ നന്ദിയും പറഞ്ഞു.