30,000 റിയാല്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തികളില്‍ നിന്ന് ഇന്‍കം ടാക്‌സ് ഈടാക്കുമെന്ന് ഒമാൻ

Share

മസ്‌കറ്റ്: ജിസിസി രാജ്യങ്ങളില്‍ ആദ്യമായി വരുമാനത്തിന് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി ഒമാന്‍ ഭരണകൂടം. 30,000 റിയാല്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തികളില്‍ നിന്നാണ് ഇന്‍കം ടാക്‌സ് ഈടാക്കുക. അഥവാ പ്രതിമാസം 2500 റിയാലോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കേണ്ടിവരും.
സമ്പത്തിന്റെ ന്യായമായ വിതരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദായ നികുതി സമ്പ്രദായം നടപ്പിലാക്കുന്നത്. ഇതിനായി വ്യക്തിഗത ആദായനികുതി നിയമത്തിന്റെ കരടില്‍ 29 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്തതായി മജ്ലിസ് അല്‍ ശൂറയുടെ സാമ്പത്തിക സമിതി ചെയര്‍മാന്‍ അറിയിച്ചു. ശൂറാ കമ്മിറ്റിയുടെ 2023 മുതല്‍ 2027 വരെയുള്ള പത്താം ടേമിന്റെ ആദ്യ വര്‍ഷത്തിലെ സുപ്രധാന നേട്ടങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സംഘടിപ്പിച്ച വാര്‍ഷിക മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സാമൂഹിക – വികസന പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് അധിക വരുമാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദായ നികുതി സംവിധാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് ടാക്സ് അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമ്പത്തിക സമിതി പദ്ധതിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മജ്ലിസ് അല്‍ ശൂറയുടെ സാമ്പത്തിക സമിതി ചെയര്‍മാന്‍ പറഞ്ഞു.
വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിനും സമ്പത്തിന്റെ ന്യായമായ വിതരണം ഉറപ്പാക്കുന്നതിനുമുള്ള മികച്ച പോംവഴിയെന്ന രീതിയിലാണ് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. നികുതിദായകരില്‍ നിന്ന് ശേഖരിക്കുന്ന പണം വികസന പദ്ധതികള്‍ക്കും സാമൂഹിക സംരക്ഷണ സംവിധാനത്തിനും വേണ്ടി ചെലവഴിക്കാനാണ് തീരുമാനം.