പരിസ്ഥിതി പ്രശ്നം തടയാൻ കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് പ്രവേശനമില്ല

Share

പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നവംബർ 18 മുതലാണ് നിരോധനം നടപ്പാകുക. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമായിരിക്കുമെന്നാണ് വിവരം. എന്നാൽ, വിനോദ സഞ്ചാരത്തിന് സാധാരണഗതിയിൽ ഉപയോഗിക്കുന്ന പാസഞ്ചർ ബസ്സുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും 10–11 മീറ്റർ മാത്രമാണ് നീളം എന്നതിനാൽ 45 സീറ്റ് വരെയുള്ള ബസുകളെ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്നാണ് അറിയിപ്പ്. അതിനാൽ വിനോദ സഞ്ചാരികൾക്ക് പൊതുവെ പ്രശ്നം സൃഷ്ടിക്കുന്നതാകില്ല തീരുമാനം എന്നാണ് സൂചന.
അതേസമയം, കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലെ ഇ– പാസ് സംവിധാനം കർശനമായി ഇപ്പോഴും തുടരുന്നുണ്ട്. നീലഗിരി ജില്ലയുടെ രജിസ്ട്രേഷൻ നമ്പറില്ലാത്ത എല്ലാ വാഹനങ്ങൾക്കും ഇ–പാസ് ബാധകമാണ്.പ്രാദേശികമായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഈ രേഖ ആവശ്യമില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ മേയ് 7 മുതലാണ് സന്ദർശകർക്ക് ഇ–പാസ് വഴിയുള്ള പ്രവേശനം അനുവദിച്ചത്.
ഇ–പാസ് ലഭിക്കാൻ യാത്രക്കാരുടെ എണ്ണം, വാഹനത്തിൻ്റെ മോഡൽ, ഇന്ധനം, സന്ദർശന – താമസ വിവരങ്ങൾ, ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങൾ ചേർത്ത് epass.tnega.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചാൽ ക്യുആർ കോഡുള്ള ഇ-പാസ് ലഭിക്കും. കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കുമുള്ള പ്രവേശന പോയിൻ്റുകളിൽ ഇതു പരിശോധിക്കും. മദ്രാസ് ഹൈക്കോടതിയാണ് ഇ–പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാർക്കു നിർദേശം നൽകിയത്. പിന്നീട് ഈ നിബന്ധന അനിശ്ചിതകാലത്തേക്കു നീട്ടുകയായിരുന്നു. ഐഐടി മദ്രാസ്, ഐഐഎം ബെംഗളൂരു എന്നിവയുടെ പഠനത്തിൽ ഊട്ടിയിൽ പ്രതിദിനം 1,300 വാനുകൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.