60000 ദിര്‍ഹത്തിലധികം പണം കൊണ്ടുപോകാം; പുതിയ സംവിധാനവുമായി യു.എ.ഇ

Share

ദുബായ്: യുഎഇ-യിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള സാധനങ്ങളുമായി യു.എ.ഇ-യിലേക്കോ രാജ്യത്ത് നിന്ന് പുറത്തേക്കോ പോകണമെങ്കില്‍ കസ്റ്റംസ് അധികൃതരെ രേഖാമൂലം അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍ കസ്റ്റംസ് അധികൃതരുടെ അനുമതി തേടുന്നതിനായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിരിക്കുകയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി. അഫ്‌സെഹ് (AFSEH) എന്ന ഗൂഗിള്‍ ആപ്പിലൂടെ കൊണ്ടുപോകാനുള്ള സാധനങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ച് 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള പണമോ വജ്ര-സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ എന്നിവയിലൂടെ യു.എ.ഇ-യിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും എല്ലാ താമസക്കാരും സന്ദര്‍ശകരും ഈ നിയമം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ബിനാമി-കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് യുഎഇ-യുടെ ഈ തീരുമാനം. അഫ്‌സെഹ് ആപ്പ് വഴി വിശദാംശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ഫോണിലൂടെയും ഇമെയിലിലൂടെയും ഒരു ക്യൂ.ആര്‍ കോഡ് ലഭിക്കും. വിമാനത്താവളത്തിലെയോ അതിര്‍ത്തിയിലെയോ ചെക്കിംഗ് പോയിന്റുകളില്‍ എത്തുമ്പോള്‍ സന്ദേശമായി ലഭിച്ച ക്യൂ.ആര്‍ കോഡ് കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിച്ച് പരിശോധനയ്ക്ക് വിധേയമാക്കി പ്രശ്‌നരഹിതമായി പണമോ സാധനങ്ങളോ കൊണ്ടുപോകാന്‍ കഴിയും.

പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും മൂല്യം സംബന്ധിച്ച വിശദാംശങ്ങള്‍ പൂര്‍ണമായും ആപ്പില്‍ വ്യക്തമാക്കണം. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനുള്ളതിനാല്‍ മൂല്യത്തിന്റെ അളവില്‍ കൂട്ടലും കുറയ്ക്കലും നടത്തി യഥാസമയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. യുഎഇ പാസിലൂടെയും അഫ്‌സെഹ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ആന്‍ഡ്രോയിഡ, ആപ്പിള്‍ മൊബൈലുകളില്‍ അഫ്‌സെഫ് ആപ്പ് ലഭ്യമാണ്. ഈ സേവനം തികച്ചും സൗജന്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പ്രായപൂര്‍ത്തിയായ അതായത് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 60,000 ദിര്‍ഹം വരെ മൂല്യമുള്ള ദിര്‍ഹമോ വിദേശ കറന്‍സിയോ തതുല്യമായ സാധനങ്ങളോ കസ്റ്റംസ് അധികൃതരോട് വെളിപ്പെടുത്താതെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ അവകാശമുണ്ട്.