അവസരം മുതലാക്കാന്‍ വിമാനക്കമ്പനികള്‍; പുതുവർഷത്തിൽ റോക്കറ്റ് പോലെ ഉയര്‍ന്ന് ടിക്കറ്റ് നിരക്ക്

Share

കോഴിക്കോട്: ക്രിസ്മസ്, പുതുവത്സരകാലം മുന്നില്‍ക്കണ്ട് പതിവുപോലെ പ്രവാസികളെ പിഴിയാനൊരുങ്ങി വിമാനക്കമ്പനികള്‍. ഡിസംബര്‍ അവസാന ആഴ്ചയില്‍ ടിക്കറ്റ് നിരക്കില്‍ ആറിരട്ടിയോളം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇത്തിഹാദ് എയര്‍വേയ്സില്‍ ജനുവരി ഒന്നിന് തിരുവനന്തപുരത്തു നിന്ന് ദുബായിയിലേക്ക് പറക്കാന്‍ സാധാരണ 15,000-ത്തിന് താഴെയാണ് നിരക്ക്. എന്നാല്‍ ഈ പുതുവര്‍ഷത്തില്‍ 75,000-ന് രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്കെന്ന് ബുക്കിംഗിനായി ശ്രമിച്ചവര്‍ പറയുന്നു. ബിസിനസ് ക്ലാസില്‍ 1,61,213 രൂപയാണ് ടിക്കറ്റ് നിരക്ക്. കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ നിന്നും യു.എ.ഇ-യിലേക്കുള്ള യാത്രക്ക് സമാനമായ വര്‍ധനയാണ് അനുഭവപ്പെടുന്നത്. നിലവില്‍ കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായി ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്.

ജനുവരി ഒന്നുമുതല്‍ കരിപ്പൂര്‍-ദുബായി, നെടുമ്പാശേരി-ദുബായി, തിരുവനന്തപുരം-ദുബായി എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയര്‍ലൈന്‍സ് നിരക്ക് വര്‍ധിപ്പിക്കുന്നതോടെ എയര്‍ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വര്‍ധിപ്പിക്കും. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ആഴ്ചയില്‍ ഏഴ് സര്‍വീസ് നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. നെടുമ്പാശേരിയില്‍നിന്ന് നിലവിലുള്ള സര്‍വീസ് കൂടാതെ എട്ട് സര്‍വീസുകള്‍ കൂടിയുണ്ടാകും. കരിപ്പൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 13 നഗരങ്ങളിലേക്ക് സര്‍വീസ് പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരിക്കുകയാണ് പ്വവാസികളുടെ സംഘടനയായ കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം-135 നെ ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ വ്യക്തമാക്കി.