കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്; ഇഡി അന്വേഷിക്കും

Share

തിരുവനന്തപുരം: കരുവന്നൂരിന് പിന്നാലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പിന്റെ അന്വേഷണവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി). കണ്ടല ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ ഇഡി അധികൃതര്‍ക്ക് കൈമാറി. റിപ്പോര്‍ട്ട് കൈമാറണമെന്ന് ഇഡി സഹകരണ രജിസ്ട്രാറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാങ്കില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നിയമനടപടികള്‍ എടുത്തിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെതിരെ 66 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇത്രയധികം കേസുകളെടുത്തിയിട്ടും ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. തട്ടിപ്പില്‍ ഭാസുരാംഗന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. നിലവില്‍ ഇദ്ദേഹം മില്‍മയുടെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് തുടരുകയാണ്. ഇടുന്ന നിക്ഷേപം ഇരട്ടിയാക്കി നല്‍കാം എന്ന വാഗ്ദാനവുമായി നിത്യനിധി, സൗഭാഗ്യനിക്ഷേപം എന്നീ പേരുകളില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയതായും സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഇത്തരം പദ്ധതികളില്‍ ഒരാള്‍ പണം നിക്ഷേപിച്ചാല്‍ പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാകും ഇത് പിന്‍വലിക്കാന്‍ നിക്ഷേപകന്‍ വരിക. ഇത് മുതലെടുത്ത് ഭാസുരാംഗനും ബാങ്കിന്റെ ഭരണസമിതിയിലുള്ളവരും ചേര്‍ന്ന് പണം വകമാറ്റിയെന്ന് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പദ്ധതിയുടെ വിഭാവനം മുതല്‍ എടുത്ത നടപടികളെല്ലാം തന്നെ സഹകരണ നിയമത്തിന് വിരുദ്ധമാണ്. ഇതുവരെയുള്ള അന്വേഷണ പ്രകാരം സാധാരണക്കാരായ 1,500 പേര്‍ ഈ നിക്ഷേപ പദ്ധതികളിലൂടെ തട്ടിപ്പിനിരയായെന്ന് തെളിഞ്ഞു. തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി മാറന്നല്ലൂര്‍ പോലീസില്‍ പലരും പരാതി നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ അധികൃതര്‍ ആദ്യം തയാറായില്ലെന്നും നിക്ഷേപകര്‍ പറയുന്നു. ഇതുവരെയെടുത്ത 66 കേസുകളിലും ഭാസുരാംഗനാണ് ഒന്നാം പ്രതി.