ഒറ്റപ്പേര് മാത്രമുള്ള പാസ്‌പോട്ടുമായി യാത്ര ചെയ്യാനാകില്ല; മുന്നറിയിപ്പുമായി യു.എ.ഇ

Share

ദുബായ്: ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്പോര്‍ട്ടുകളുമായി യു.എ.ഇ-യിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. അതായത് സര്‍ നെയിം, ഗിവണ്‍ നെയിം അഥവാ ഫസ്റ്റ് നെയിം എന്നിവ രേഖപ്പെടുത്തേണ്ട സ്ഥലങ്ങളില്‍ ഒരിടത്ത് മാത്രം പേര് രേഖപ്പെടുത്തിയ പാസ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ലെന്നാണ് യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചിരിക്കുന്നത്. മുമ്പ് നിരവധി സന്ദര്‍ഭങ്ങളില്‍ ഇതുസംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും സമാന സംഭവങ്ങൾ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കുന്നത്. ഇക്കാരണം വ്യക്തമാക്കി എല്ലാ വിമാന കമ്പനികള്‍ക്കും സര്‍ക്കുലര്‍ വിതരണം ചെയ്തിരിക്കുകയാണ് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍.

പാസ്‌പോര്‍ട്ട് കൈവശമുള്ള വ്യക്തിയുടെ പേര് ഒപ്പം സര്‍ നെയിം എന്നീ രണ്ട് കോളങ്ങളും കൃത്യമായി പൂരിപ്പിച്ച പാസ്പോര്‍ട്ടുകളുമായി മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. രണ്ടിടത്തും ഔദ്യോഗിക രേഖാപ്രകാരമുള്ള പേരും സര്‍നെയിമും രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണെന്നും എന്നാല്‍ പാസ്പോര്‍ട്ടില്‍ എവിടെയെങ്കിലും സര്‍നെയിം ഉണ്ടെങ്കില്‍ മുടക്കമില്ലാതെ യാത്ര അനുവദിക്കേണ്ടതാണെന്നും അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം പേര് മാത്രം എഴുതുകയും സര്‍നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതിരുന്നാലും അതുപോലെ ഗിവെന്‍ നെയിം ഒഴിവാക്കി സര്‍നെയിം മാത്രം എഴുതിയാലും അത്തരം പാസ്‌പോര്‍ട്ടുകളെയും അംഗീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ നിയമം ടൂറിസ്റ്റ്- ഓണ്‍-അറൈവല്‍ വിസയിൽ യു.എ.ഇ-യിലെത്തുന്നവര്‍ക്ക് മാത്രമായിരിക്കും ബാധകം. എന്നാല്‍ നിലവില്‍ യുഎഇ താമസ വിസയുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ലെന്നും ഇവരുടെ പാസ്പോര്‍ട്ടില്‍ ഒരു പേര് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എങ്കിലും യാത്രാ തടസമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം പാലിക്കാതെ ഇത്തരം പാസ്‌പോര്‍ട്ട് കൈവശമുള്ളവരെ യു.എ.ഇ-യിലേക്ക് കൊണ്ടുവരുകയാണെങ്കില്‍ അവരെ തിരികെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം വിമാന കമ്പനികള്‍ക്കായിരിക്കും. അതിനാല്‍ ഒറ്റപ്പേര് മാത്രമുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് ടിക്കറ്റോ ബോര്‍ഡിങ് പാസോ നല്‍കരുതെന്നും യാത്രയ്ക്ക് മുമ്പായി വിമാന കമ്പനികള്‍ പാസ്പോര്‍ട്ടുകള്‍ കൃത്യമായി പരിശോധിച്ച് ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ദ്ദേശിച്ചു.