ഫുജൈറയില്‍ നേരിയ ഭൂചലനം; അനുഭവപ്പെട്ടത് 1.6 തീവ്രതയില്‍

Share

ദുബായ്: ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭപ്പെട്ടു. ദിബ്ബ മേഖലയില്‍ ഇന്ന് (11.10.23, ബുധനാഴ്ച) രാവിലെ പ്രാദേശിക സമയം 6.15-നാണ് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്.  1.6 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് യു.എ.ഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. ഭൂനിരപ്പില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ചെറിയ രീതിയിലുള്ള പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. എന്നാല്‍ മറ്റ് പ്രത്യാഘാതങ്ങളൊ തുടര്‍ ചലനങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇത്തരം ചെറിയ ചലനങ്ങള്‍ സ്വാഭാവികമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്.

യുഎഇ-യില്‍ താമസിക്കുന്നവര്‍ ഭൂചലനത്തെ കുറിച്ചോര്‍ത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും സീസ്മോളജി വകുപ്പ് ഡയറക്ടര്‍ ഖലീഫ അല്‍ എബ്രി നേരത്തേ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തിലുള്ള ചെറിയ ഭൂചലനങ്ങളും തുടർ ചലനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പലപ്പോഴും ജനങ്ങള്‍ അറിയാറില്ല. ഇത്തരം തീവ്രത കുറഞ്ഞ ഭൂചലനങ്ങള്‍ സെന്‍സറുകള്‍ വഴിയാണ് കണ്ടെത്തുന്നതെന്നും വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുകയാണ്. 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. പശ്ചിമ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് പ്രലിശ്യയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പമുണ്ടായത്.  നാല് ദിവസം മുമ്പാണ് ഇവിടെ വന്‍ ദുരന്തത്തിന് വഴിയൊരുക്കിയ ഭൂകമ്പം ഉണ്ടായത്. രണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ഭൂകമ്പത്തില്‍ അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടത്. വീണ്ടും ഭൂകമ്പമുണ്ടായതോടെ ഹെരാത്ത് സിറ്റിയിലെ ജനങ്ങളും ആശങ്കയിലാണ്. അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്.