ഹെവി വാഹനങ്ങളിൽ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

Share

തിരുവനന്തപുരം: എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നവംബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരുന്നത്. കെ എസ് ആര്‍ ടി സി ബസിനും ഇത് ബാധകമാണെന്ന് അദ്ദേഹം അറിയിച്ചു. സെപ്തംബര്‍ മാസം എം പിമാരുടെയും എം എല്‍ എമാരുടെയും വാഹനങ്ങള്‍ നിയമലംഘനം നടത്തിയത് 56 തവണയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ ഐ ക്യാമറകള്‍ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐ ക്യാമറ പിഴയീടാക്കിയതും അപകടങ്ങളുടെ എണ്ണം കുറഞ്ഞതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വകുപ്പും വെളിപ്പെടുത്തിയ കണക്കുകളില്‍ ചില ക്രമക്കേടുകളുണ്ടെന്നും തെറ്റുണ്ടെന്നുമുള്ള ആരോപണം കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സഭയില്‍ വച്ച രേഖയും കോടതിയില്‍ കൊടുത്ത രേഖയും പലതാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിഷയത്തിലും മന്ത്രി വിശദീകരണം നല്‍കിയിട്ടുണ്ട്.

ജൂണ്‍ അഞ്ച് മുതല്‍ വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 102 കോടി രൂപയുടെ ചെലാനാണ് നല്‍കിയത്. ഇതില്‍ പിഴയായി 14കോടി ലഭിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കി. പിഴയൊടുക്കാത്ത കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേയ്ക്കും പിന്നീട് ഓപ്പണ്‍ കോര്‍ട്ടിലേയ്ക്കും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.