ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക ക്യാമ്പ് ഈ മാസം 13-ന് അല്‍ഖോറില്‍

Share

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ച് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ ഖോറിലെ കോര്‍ ബേ റെസിഡന്‍സിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസി സേവനങ്ങള്‍ എന്നിവയ്ക്ക് പുറമേ തൊഴില്‍ സംബന്ധമായ പരാതികള്‍ രേഖാമൂലം നല്‍കാനും ക്യാമ്പില്‍ സൗകര്യമൊരുക്കും. എംബസിയിലെ തൊഴില്‍, പാസ്പോര്‍ട്ട് വിഭാഗങ്ങളിലെ കോണ്‍സുല്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ സംബന്ധിക്കും.

അല്‍ ഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ എത്താനും കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് അല്‍ ഖോര്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്കാണ് ക്യാമ്പ് ആരംഭിക്കുന്നതെങ്കിലും എട്ടു മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ഉച്ചയ്ക്ക് 11 മണി വരെയാണ് സേവനങ്ങള്‍ നല്‍കുകയെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.

വിവിധ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ അവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൈയില്‍ കരുതണം. സേവനത്തിനായി നല്‍കേണ്ട ഫീസുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും കാര്‍ഡ്-ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.സി.ബി.എഫിന്റെ ഇന്‍ഷ്യൂറന്‍സ് ഡെസ്‌കും ക്യാമ്പില്‍ സജ്ജമാക്കും. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി +974 എന്ന ഖത്തര്‍ കോഡിനൊപ്പം 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഐ.സി.ബി.എഫ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.