രാഹുലിനെ രാവണനായി ചിത്രീകരിച്ച സംഭവം; ഹര്‍ജിയുമായി കോണ്‍ഗ്രസ്

Share

ദില്ലി: രാഹുല്‍ ഗാന്ധിയെ രാവണനാക്കി ചിത്രീകരിക്കുന്ന ബിജെപി പോസ്റ്ററിനെതിരെ കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ബി.ജെ.പി പോസ്റ്ററിനെതിരെ ജയ്പൂര്‍ മെട്രോപോളിറ്റന്‍ കോടതിയില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജസ്വന്ത് ഗുര്‍ജറാണ് ഹര്‍ജി നല്‍കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. അപവാദ പ്രചാരണം, മാനഹാനി, കരുതിക്കൂട്ടിയുള്ള അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാവശ്യം. തിങ്കളാഴ്ച്ച ഹര്‍ജി പരിഗണിക്കും.

രാഹുല്‍ ഗാന്ധിക്കെതിരായ രാവണന്‍ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ്സ് നീക്കം. ഡിസിസികളുടെ നേതൃത്വത്തില്‍ ബി ജെ പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. പെരും നുണയന്‍ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ ചിത്രം കോണ്‍ഗ്രസ് പങ്കുവച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് ദുഷ്ട ശക്തി, ധര്‍മ വിരുദ്ധന്‍, ഭാരതത്തെ തകര്‍ക്കുന്നവന്‍ എന്നീ പരാമര്‍ശങ്ങളോടെ പത്തു തലയുമായി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി ട്വീറ്റ് ചെയ്തത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി രാഹുലിനെ ദ്രോഹിക്കുന്നതിനായി ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.