റിപ്പോ നിരക്കില്‍ മാറ്റമില്ല; നിലവിലെ വായ്പാ നയം തുടരുമെന്ന് ആര്‍.ബി.ഐ

Share

ഡല്‍ഹി: തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. നിലവിലെ റിപ്പോ നിരക്കായ 6.5 ശതമാനത്തില്‍ തന്നെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതോടെ ഭവന വായ്പയിലും മറ്റ് ഇ.എം.ഐ-കളിലും പലിശ നിരക്കില്‍ മാറ്റം വരില്ല എന്നത് ഏറെ ആശ്വാസകരമാണ്.

ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലായില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം 7.8 ശതമാനമായി ഉയര്‍ന്നിരുന്നു. ഓഗസ്റ്റില്‍ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞു. ജൂണില്‍ നടന്ന യോഗത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ റീട്ടെയില്‍ പണപ്പെരുപ്പ അനുമാനം 5.4 ശതമാനമായാണ് ആര്‍ബിഐ നിശ്ചയിച്ചത്. നേരത്തെ 5.1 ശതമാനമായിരുന്നു ഇത്. റീട്ടെയില്‍ പണപ്പെരുപ്പ അനുമാനം 5.4 ശതമാനായി തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. രണ്ടാം പാദത്തിലെ റീട്ടെയില്‍ പണപ്പെരുപ്പ അനുമാനം 6.2 ശതമാനത്തില്‍ നിന്ന് 6.4 ശതമാനമാക്കി ഉയര്‍ത്തി.

മൂന്നാം പാദത്തിലെ റീട്ടെയില്‍ പണപ്പെരുപ്പ അനുമാനം 5.7 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമാക്കി. നാലാം പാദത്തിലെ റീട്ടെയില്‍ പണപ്പെരുപ്പ അനുമാനം 5.2 ശതമാനമായി തുടരും.  2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി വളര്‍ച്ച അനുമാനത്തിലും മാറ്റമില്ല. 6.5 ശതമാനമായി തുടരും. പണപ്പെരുപ്പം നാല് ശതമാനം എന്ന ലക്ഷ്യത്തിലെക്ക് എത്തിക്കുന്നതിനാണ് പണനയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആര്‍ബിഐയുടെ പണപ്പെരുപ്പ ലക്ഷ്യം നാല് ശതമാനം ആണെന്നും  2-6 ശതമാനം അല്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. ഓഗസ്റ്റ് പത്തിന് നടന്ന അവസാനത്തെ പണനയ യോഗത്തിലും ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.