ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ വ്യാപക റെയിഡ്; പ്രതിഷേധവുമായി പ്രതിപക്ഷം

Share

ഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപകമായ പരിശോധന. പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് പരിശോധനയിലൂടെ വെളിവാകുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പശ്ചിമ ബംഗാളിലെ ഭക്ഷ്യ വിതരണ മന്ത്രി രതിന്‍ ഘോഷിന്റെ വസതിയില്‍ അടക്കം 12 ഇടങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. നഗരസഭാ നിയമന അഴിമതിയിലാണ് ഇ.ഡിയുടെ നടപടി. മധ്യംഗ്രാം മുനിസിപ്പാലിറ്റി ചെയര്‍മാനായിരിക്കെ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ ശിവമോഗയിലെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എയുടെ വീട്ടിലും ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. എംഎല്‍എ മാഗന്ദി ഗോപിനാഥുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന. ഹൈദരാബാദിലും വ്യാപകമായി ഇ.ഡി പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ഡിഎംകെ എംപി എസ് ജഗത്രക്ഷകനുമായി ബന്ധപ്പെട്ട ചെന്നൈയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ആരക്കോണത്ത് നിന്നുള്ള ലോക്സഭാ അംഗമാണ് ജഗത്രക്ഷകന്‍. പരിശോധന നടക്കുന്ന ഇടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.