ഇന്ത്യയില്‍ നിന്ന് ഉഗാണ്ടയിലേക്ക് നേരിട്ട് പറക്കാം; സര്‍വീസുകള്‍ ഒക്ടോബര്‍ 7 മുതല്‍

Share

മുംബൈ: ഇന്ത്യയും ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയും തമ്മിലുള്ള സഹകരണം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഉഗാണ്ട എയര്‍ലൈന്‍സ്. തീരുമാനപ്രകാരം ആദ്യ സര്‍വീസ് 2023 ഒക്ടോബര്‍ ഏഴിന് ആരംഭിക്കും. ഉഗാണ്ടയിലെ ‘എന്റബ്ബെ’ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് ആദ്യ  സര്‍വീസുകള്‍ നടത്തുക. ആദ്യ വിമാനം ഈ മാസം 7 ശനിയാഴ്ച എന്റബ്ബെ എയര്‍പോര്‍ട്ടില്‍ നിന്ന് ഉഗാണ്ട സമയം രാത്രി 8.15-ന് പുറപ്പെട്ട് ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.55-ന് മുംബൈയില്‍ എത്തിച്ചേരും.

മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 7.55-ന് പുറപ്പെട്ട് ഉഗാണ്ട സമയം രാത്രി 12.25-ന് എന്റബ്ബെയില്‍ ഇറങ്ങും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നിലവില്‍ ക്രമീകരിച്ചിട്ടുള്ളത്. മുംബൈയില്‍ നിന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും എന്റബ്ബെയില്‍ നിന്ന് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. എയര്‍ബസ് എ330-800 നിയോ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുക. ബിസിനസ് ക്ലാസില്‍ 20, പ്രീമിയം ഇക്കോണമിയില്‍ 28, ഇക്കോണമി ക്ലാസില്‍ 210 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ഡൽഹിയിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസ് നടത്താൻ  ഉഗാണ്ട എയര്‍ലൈന്‍സ് പദ്ധതിയിടുന്നുണ്ട്. നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസായതിനാല്‍ യാത്രാ സമയം 10 മണിക്കൂറിൽ നിന്ന് അഞ്ചര മണിക്കൂറായി കുറയ്ക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. അരനൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകൾ ആരംഭിക്കുന്നത്. വിനോദ സഞ്ചാരത്തോടൊപ്പം വ്യാപാര ബന്ധങ്ങളും ഉഗാണ്ടയിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് നോണ്‍ സ്‌റ്റോപ്പ് വിമാന സര്‍വീസിന് പദ്ധതിയിടുന്നതെന്ന് ഉഗാണ്ട എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.