കേരളത്തില്‍ സ്വര്‍ണവില ഇടിയുന്നു; പവന് 42,000-നും താഴെ

Share

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വര്‍ണ വില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,259 രൂപയിലും പവന് 41,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 42,000 രൂപയില്‍ താഴേക്ക് പോകുന്നത്. സെപ്തംബര്‍ മാസത്തില്‍ പവന് 44,240 രൂപയെന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണവില അമേരിക്കന്‍ ഡോളറിന്റെ സ്വാധീനത്തിലാണ്  41,920 എന്ന താഴ്ന്ന വിലയിലേക്ക് കുറഞ്ഞത്. അമേരിക്കന്‍ പലിശ നിരക്ക് ഇനിയും ഉയര്‍ത്തിയേക്കുമെന്ന ആശങ്കയിലാണ് സ്വര്‍ണവില കുത്തനെ ഇടിയുന്ന പ്രവണത ഉണ്ടായത്.

ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമില്ലെങ്കിലും അതിനുമുമ്പുള്ള തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച്ച പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ 2040 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണം 1819 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 83.20-ലുമാണ് വ്യാപാരം. മാര്‍ച്ച് ഒമ്പതിന് ശേഷമുള്ള ഏറ്റവും വലിയ വിലക്കുറവാണിതെന്നാണ് വിലയിരുത്തല്‍.