ട്രിവാന്‍ഡ്രം ക്ലബില്‍ പോലീസ് റെയിഡ്; ചീട്ടുകളി സംഘം കസ്റ്റഡിയിൽ

Share

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ചുകൊണ്ടിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചീട്ടുകളി സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ കസ്റ്റഡിലെടുത്തതായി മ്യൂസിയം പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് 5.6 ലക്ഷം രൂപ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. വിവിധ മേഖലകളിലെ വി.ഐ.പികൾ അംഗങ്ങളായുള്ള തിരുവനന്തപുരം നഗരത്തിലെ  പ്രധാനപ്പെട്ട ക്ലബുകളിലൊന്നാണ് ട്രിവാന്‍ഡ്രം ക്ലബ്. ഇവിടെ പണം വച്ചുള്ള ചീട്ടുകളി പതിവാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഉന്നത സ്വാധീനമുള്ളവരുടെ ക്ലബായതിനാൽ ഇവിടേക്ക് എത്തപ്പെടാനോ പരിശോധന നടത്താനോ പോലീസ് ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. ക്ലബ് കേന്ദ്രീകരിച്ച് ചീട്ടുകളിയിലൂടെ ലക്ഷങ്ങളുടെ തിരിമറി നടക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.